മതിയായ സുരക്ഷാ സംവിധാനങ്ങളില്ല; യുപിയില്‍ ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

ഉത്തര്‍പ്രദേശിലെ ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജിവികെ എന്ന സ്വകാര്യ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.

Update: 2020-03-31 10:49 GMT

ലഖ്‌നോ: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ യുപിയില്‍ ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിലേക്ക്. തൊഴിലാളികള്‍ക്ക് ശരിയായ സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇന്ന് ഉച്ച മുതല്‍ ജോലി നിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശിലെ ആംബുലന്‍സ് ജീവനക്കാരുടെ അസോസിയേഷന്‍ പറഞ്ഞു. ജനുവരി മുതല്‍ തങ്ങള്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജിവികെ എന്ന സ്വകാര്യ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ആംബുലന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ കണക്കനുസരിച്ച് 4,500 ഓളം ആംബുലന്‍സുകള്‍ സംസ്ഥാനത്തുടനീളം വിന്യസിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ 17,000 ആംബുലന്‍സ് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഞങ്ങള്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്, അവരില്‍ പലരും കൊറോണ ബാധിച്ചവരാണ്, പക്ഷേ മാസ്‌കുകളും സാനിറ്റൈസറുകളും ഉള്‍പ്പെടെ ഒരു സംരക്ഷണ ഉപകരണങ്ങളും ഞങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് പറഞ്ഞു. രോഗികളെ ആശുപത്രിയില്‍ എത്തിച്ചു കഴിഞ്ഞാല്‍ വാഹനം അണുവിമുക്തമാക്കാറില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

ഇത്തരം നിര്‍ണായക സമയങ്ങളില്‍ പണിമുടക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ലോക്ക്ഡൗണില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും അവര്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ എല്ലാ ആംബുലന്‍സ് തൊഴിലാളികളും ജോലി നിര്‍ത്തി വീട്ടിലേക്ക് പോകുമെന്ന് ആംബുലന്‍സ് അസോസിയേഷന്‍ സ്വകാര്യ കമ്പനിക്ക് എഴുതിയ കത്തില്‍ പറയുന്നു.  

Tags:    

Similar News