Editorial

യുപി പോലിസ് നാളെ നമ്മളേയും പിടിച്ചു കൊണ്ടുപോവുമോ?

ഭരണകൂടത്തോടും വര്‍ഗീയ ഫാഷിസത്തോടുമുള്ള ഭയം നമ്മെ വരിഞ്ഞു മുറുക്കാന്‍ നാം അനുവദിക്കരുത്. ഭയത്തെയാണ് നാം ഭയപ്പെടേണ്ടത്. അപ്പോള്‍ മാത്രമാണ് നിര്‍ഭയത്വം നമ്മുടെ ആത്മവിശ്വാസത്തിന്റെയും അനീതിക്കെതിരായ സമര ബോധത്തിന്റെയും ഉരകല്ലായി മാറുക

യുപി പോലിസ് നാളെ നമ്മളേയും പിടിച്ചു കൊണ്ടുപോവുമോ?
X

കഴിഞ്ഞദിവസം യുപിയില്‍ കര്‍ഷക മാര്‍ച്ചിലേക്ക് ഒരു കേന്ദ്രമന്ത്രിയുടെ മകന്റെ കാര്‍ ഇടിച്ചു കയറി ഒമ്പതുപേരാണ് മരിച്ചത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായും അല്ലാതെയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനങ്ങളും പ്രസ്താവനകളും നടത്തി. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറുങ്കിലടച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. കാപ്പന്‍ നിരപരാധിയാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും യുപി ഭരണകൂടത്തിന്റെ വംശീയവിദ്വേഷത്തിനെതിരേ ചെറുവിരലനക്കാന്‍ കൂട്ടാക്കാത്ത കേരളത്തിലെ മേല്‍ക്കോയ്മാ രാഷ്ട്രീയക്കാരുടെ കര്‍ഷക സ്‌നേഹത്തോടുള്ള അത്മാര്‍ഥത ഊഹിക്കാവുന്നതേയുള്ളൂ. 2020 ഒക്ടോബര്‍ 5നാണ് കാപ്പന്‍ അറസ്റ്റിലായത്. പ്രത്യേക ദൗത്യസേന അഥവാ എസ്ടിഎഫ് മഥുര കോടതിയില്‍ ഏപ്രിലില്‍ സമര്‍പ്പിച്ചത് 5,000 പേജുള്ള ബൃഹത്തായ കുറ്റപത്രമാണ്. എന്നാല്‍ ഈ കുറ്റപത്രം വിചിത്രവും വര്‍ഗീയവിദ്വേഷം നിറഞ്ഞതുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാപ്പന്‍ അറസ്റ്റിലായതിനു കാരണമായി പറയപ്പെട്ട വസ്തുതകളല്ല കുറ്റപത്രത്തില്‍ നിരത്തുന്നത് എന്നുള്ളതാണ് പ്രധാനകാര്യം. ഹാഥ്‌റാസില്‍ സവര്‍ണര്‍ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് നാവരിഞ്ഞ് മൃതപ്രായയാക്കി കരിമ്പുപാടത്ത് തള്ളിയ ദലിത് പെണ്‍കുട്ടി

ദിവസങ്ങള്‍ക്കു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.ഭരണകൂടത്തിന്റെ പൂര്‍ണ ഒത്താശയോടെ തെളിവു നശിപ്പിക്കാന്‍ പോലിസ് തന്നെ മുന്നിട്ടിറങ്ങുന്നതാണ് പിന്നീട് കണ്ടത്.

മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് പോലിസ് മൃതദേഹം പെട്രോള്‍ ഒഴിച്ചു ചുട്ടുകളയുകയായിരുന്നു. സംഭവം രാജ്യത്ത് വന്‍കോളിളക്കമാണ് സൃഷ്ടിച്ചത്.എല്ലാ കണ്ണുകളും ഹഥ്‌റാസിലേക്കു നീണ്ടപ്പോള്‍ സത്യാവസ്ഥ പുറംലോകമറിയാതിരിക്കാന്‍ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച പോലിസ് ബന്ധുക്കളെ വീട്ടു തടങ്കലിലാക്കി. ജില്ലാമജിസ്‌ട്രേട്ട് നേരിട്ടെത്തി പെണ്‍കുട്ടിയുടെ പിതാവിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ആ സന്ദര്‍ഭത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകത്ത് എത്തിക്കാനാണ് തന്റെ തൊഴിലിനോടു കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഹഥ്‌റാസിലേക്കു പുറപ്പെട്ടത്. എന്നാല്‍ വഴിമധ്യേ കാപ്പനും കൂടെ ഉണ്ടായിരുന്ന അതീഖുര്‍ റഹ്മാന്‍, മസൂദ് അഹമദ്, ആലം എന്നിവരെ പോലിസ് കസ്റ്റഡിയിലെടുക്കുന്നു. പ്രതികള്‍ ഹഥ്‌റാസില്‍ കലാപം ആസൂത്രണം ചെയ്‌തെന്നും കലാപം സൃഷ്ടിക്കാന്‍ പണം കൊടുത്തു എന്നുമാണ് യുപി പോലിസ് അന്നു പറഞ്ഞത്. തുടര്‍ന്ന് യുഎപിഎ ചുമത്തി ഇവരെ ജയിലില്‍ അടച്ചു. നിലവില്‍ നിരവധി രോഗങ്ങളാല്‍ വേട്ടയാടപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കൊവിഡ് ബാധിതനായപ്പോള്‍ ജയില്‍ ആശുപത്രിയില്‍ ഒരു മൃഗത്തെപോലെ അദ്ദേഹത്തെ കട്ടിലില്‍ ചങ്ങലയ്ക്കിട്ടു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് സങ്കടഹരജി എഴുതിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കാന്‍ ഉത്തരവുണ്ടായത്. ചരിത്രം ഇങ്ങനെയെല്ലാം ആണെന്നിരിക്കെയാണ് ഹാഥ്‌റാസ് സംഭവമുണ്ടായില്ലെങ്കിലും കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് അറസ്റ്റ് ചെയ്യാന്‍ നടക്കുകയായിരുന്നു എന്നതരത്തിലുള്ള കുറ്റപത്ര വൃത്താന്തം പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ഹാഥ്‌റാസും ഹാഥ്‌റാസില്‍ നടക്കുമെന്നു പറഞ്ഞ കലാപവുമൊന്നുമല്ല കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. കാപ്പന്‍ മുസ്‌ലിം അനുകൂല വാര്‍ത്തകള്‍ എഴുതിയിരുന്നത്രേ! അതായത് യുപി പോലിസിന്റെ കുറ്റപത്രമനുസരിച്ച് അനുകൂലിക്കേണ്ടത്തവരാണ് മുസ്‌ലിംകള്‍ എന്നര്‍ഥം. മുസ്‌ലിം വികാരം ഉണര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളുമാണ് കാപ്പന്‍ എഴുതിയിരുന്നതെന്നാണ് കുറ്റപത്രം കണ്ടെത്തിയിരിക്കുന്നത്. കാപ്പന്റെ മാധ്യമപ്രവര്‍ത്തനമാണ് യുപി പോലിസിനെ പ്രകോപിപ്പിച്ചത് എന്നു ചുരുക്കം. തന്റെ ലേഖനങ്ങളില്‍ കാപ്പന്‍ കമ്യൂണിസ്റ്റുകളോടും മാവോയിസ്റ്റുകളോടും മമത കാണിച്ചുവെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. പൗരത്വ പ്രതിഷേധം, ഡല്‍ഹി വംശീയാതിക്രമം, നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനം, ഷര്‍ജീല്‍ ഇമാമിനെതിരേയുള്ള കുറ്റപത്രം തുടങ്ങിയവയില്‍ കാപ്പന്‍ ചെയ്ത റിപോര്‍ട്ടുകളും, ബാബരി മസ്ജിദ് വിഷയത്തില്‍ എഴുതിയ 36 ലേഖനങ്ങളുമാണ് കുറ്റപത്രത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നത്. ഒരു മുസ്‌ലിം ആയതുകൊണ്ടും സംഘപരിവാര വിമര്‍ശകനായതുകൊണ്ടും കാപ്പന്‍ നേരത്തെതന്നെ വേട്ടക്കാരനു വേണ്ടി ഒരുക്കി നിര്‍ത്തപ്പെട്ട ഇരയായിരുന്നുവെന്നു മനസിലാക്കാന്‍ ഇപ്പറഞ്ഞ വിവരങ്ങള്‍ തന്നെ ധാരാളം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി ആയതുകൊണ്ടു മാത്രം തുടക്കത്തില്‍ കാണിച്ച സൗമനസ്യം മാറ്റിവച്ച് കാപ്പന്‍ വിഷയത്തില്‍ പോലിസിന്റെ നാവായി മറുന്ന മാധ്യമങ്ങളെയാണ് പിന്നീട് ഇക്കാലയളവില്‍ രാജ്യം കണ്ടത്. മറ്റൊരു സംസ്ഥാനം ചുമത്തിയ കേസായതിനാല്‍ കാപ്പന്‍ വിഷയത്തില്‍ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ, വെള്ളാപ്പള്ളി നടേശന്റെ മകനും എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ കുടുങ്ങിയപ്പോള്‍ മറ്റൊരു രാജ്യമായിരുന്നിട്ടും നമ്മുടെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ശരവേഗത്തെ പോലും തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു. പരിമിതികള്‍ എത്രപെട്ടെന്നാണ് അന്നു വഴിമാറിയത്. സിദ്ദീഖ് കാപ്പന്‍ കമ്യൂണിസ്റ്റ് മോവോവാദി അനുകൂല നിലപാടുള്ള മാധ്യമപ്രവര്‍ത്തകനാണെന്ന് യുപി പോലിസ് ആരോപിക്കുമ്പോള്‍ എട്ടു മാവോവാദികളെ പച്ചയ്ക്ക് വെടിവച്ചുകൊന്ന, ഭരണകൂട ധാര്‍ഷ്ഠ്യത്തിന്റെ അധികാരമുഖമായ മുഖ്യമന്ത്രി പിണറായിവിജയന് കാപ്പന്റെ പക്ഷം നില്‍ക്കാന്‍ പക്ഷേ, സാധിക്കില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയിനലേക്കുള്ള ദൂരം അളക്കാന്‍ ശ്രമിക്കുന്നതു പോലൊരു ഹിമാലയന്‍ മണ്ടത്തരം വേറെയുണ്ടോ? പോപുലര്‍ ഫ്രണ്ടിനെ ബൗദ്ധികമായി സഹായിക്കുന്ന രീതിയിലാണ് കാപ്പന്‍ പ്രവര്‍ത്തിച്ചതെന്ന മറ്റൊരു വിചിത്ര ആരോപണവും കുറ്റപത്രം ഉയര്‍ത്തുന്നുണ്ട്. പോപുലര്‍ഫ്രണ്ട് രാജ്യത്തെ ഏതോ നിരോധിത സംഘടനയാണെന്നു വരുത്തിതീര്‍ക്കും പോലെയാണ് കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നീളുന്നത്. പോപുലര്‍ ഫ്രണ്ട് രാജ്യത്തെ നിരോധിതസംഘടനയാണോ എന്ന സുപ്രിംകോടതിയുടെ നേരത്തെയുള്ള ചോദ്യത്തെ യുപി പോലിസ് മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്നു സ്ഥിരീകരിക്കും പോലെയാണ് അസൂയാവഹമായ ഭാവനാവിലാസത്തോടെ കുറ്റപത്രം കെട്ടിച്ചമച്ചിട്ടുള്ളത്. യുപി പോലിസിന്റെ മുസ്‌ലിം വിരുദ്ധതയുടെ മറ്റൊരു മുഖം രാജ്യം കണ്ടത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. യുപി പോലിസ് ട്രെയിന്‍ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കി യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി യുവാക്കളെ കാണാന്‍ പോയ കുംടുംബത്തിനുണ്ടായ ദുരനുഭവമാണ് അത്. പത്തനം തിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരുടെ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. വ്യാജ കൊവിഡ്, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നാരോപിച്ചാണ് അന്‍ഷാദിന്റെ മാതാവ് , ഭാര്യ, ഫിറോസ് ഖാന്റെ മാതാവ് എന്നിവരെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ അന്‍ഷാദിന്റെ ഏഴുവയസ്സുകാരന്‍ മകനും അവന്റെ ഉമ്മക്കും ഉമ്മൂമ്മക്കും ഒപ്പം തടവില്‍ കിടക്കേണ്ടിവന്നു. ചരുക്കിപറഞ്ഞാല്‍ സിദ്ദീഖ് കാപ്പന്‍ മാത്രമല്ല. മുസ്‌ലിം നാമധാരികളായ ആരും അത് വയോധികയോ യുവതിയോ കുട്ടികളോ ആണെങ്കില്‍ പോലും യുപി പോലിസിന് പ്രതികളാണ്, കുറ്റവാളികളാണ്, സര്‍വോപരി തീവ്രവാദിളൊണ്. അങ്ങനെയെങ്കില്‍ ഇങ്ങ് കേരളത്തില്‍ വന്ന് വീട്ടില്‍ കയറി നോട്ടപ്പുള്ളികളെ പിടിച്ചു കൊണ്ടുപോവാന്‍ യോഗിയുടെ പോലിസ് അമിത ധൈര്യവും അതിസാഹസികതയും കാണിക്കുന്ന ദിവസം അതിവിദൂരമല്ല. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും കാവല്‍ക്കാരാവേണ്ട ഫോര്‍ത്ത് എസ്‌റ്റേറ്റിലെ ചില ഫാഷിസ്റ്റ് ഭരണകൂട കങ്കാണിമാര്‍ യുപി പോലിസിന്റെ ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങി മേല്‍പ്പറഞ്ഞ പാവം ഉമ്മമാരെ തീവ്രവാദികളാക്കുകയാണ്. ഈ ഇരുട്ടിനെ തുരത്താതെ, അനീതിയുടെ ഈ ദുര്‍ഗങ്ങളെ തകര്‍ക്കാതെ നമ്മുടെ നാട് സമാധാന പൂര്‍ണമാവുമെന്ന് നാം ആശിക്കുന്നുണ്ടോ? അതെ ഭരണകൂടത്തോടും വര്‍ഗീയ ഫാഷിസത്തോടുമുള്ള ഭയം നമ്മെ വരിഞ്ഞു മുറുക്കാന്‍ നാം അനുവദിക്കരുത്. ഭയത്തെയാണ് നാം ഭയപ്പെടേണ്ടത്. അപ്പോള്‍ മാത്രമാണ് നിര്‍ഭയത്വം നമ്മുടെ ആത്മവിശ്വാസത്തിന്റെയും അനീതിക്കെതിരായ സമര ബോധത്തിന്റെയും ഉരകല്ലായി മാറുക

Next Story

RELATED STORIES

Share it