Travel Expo

മഴയില്‍ കുളിച്ച മൂന്ന് കാടുകള്‍; ട്രയാങ്കിള്‍ പോയിന്റിലൂടെ ഒരു വയനാടന്‍ യാത്ര

പച്ചപ്പിന്റെ നിറവില്‍ മനം കുളിര്‍ക്കുന്ന മൂന്നു കാടുകള്‍ അതിരിട്ട് കിടക്കുന്ന ട്രയാങ്കിള്‍ പോയന്റിലൂടെ ഒരു വയനാടന്‍ യാത്ര. തൃശൂര്‍ കേച്ചേരിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ നിരവധി തവണ യാത്ര ചെയ്ത കാട്ടുപാതകള്‍ മനസ്സില്‍ തെളിഞ്ഞിരുന്നു.

മഴയില്‍ കുളിച്ച മൂന്ന് കാടുകള്‍;  ട്രയാങ്കിള്‍ പോയിന്റിലൂടെ ഒരു വയനാടന്‍ യാത്ര
X

അബ്ദുല്‍ മനാഫ് പട്ടിക്കര

കാഴ്ച്ചകളുടെ വൈവിധ്യം തേടിയുള്ള യാത്രികരുടെ സ്വര്‍ഗഭൂമിയാണ് വയനാട്. ചുരം കയറിയെത്തുന്നവരെ വരവേറ്റ് കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വാരങ്ങളിലെ കാട്ടരുവികളും ഇഴചേര്‍ന്ന് കിടക്കുന്ന പച്ചപ്പ്.

മഴക്കാലത്തെ നനവും കുളിരും തേടി വയനാട്ടിലേക്ക് ഒരു യാത്ര. അതും പച്ചപ്പിന്റെ നിറവില്‍ മനം കുളിര്‍ക്കുന്ന മൂന്നു കാടുകള്‍ അതിരിട്ട് കിടക്കുന്ന ട്രയാങ്കിള്‍ പോയന്റിലൂടെ തന്നെയായിരിക്കട്ടെ എന്ന് ഉറപ്പിച്ചു. തൃശൂര്‍ കേച്ചേരിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ നിരവധി തവണ യാത്ര ചെയ്ത കാട്ടുപാതകള്‍ മനസ്സില്‍ തെളിഞ്ഞിരുന്നു.

അപ്രതീക്ഷിതമായിരുന്ന പല യാത്രകളും. പലപ്പോഴും യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ തുടങ്ങുന്ന യാത്ര ദിവസങ്ങള്‍ നീളും. ഇത്തവണ ആരെയും കൂടെ കൂട്ടാതെയാണ് യാത്ര പുറപ്പെട്ടത്. ഇതുപോലുള്ള ഒരു യാത്രയില്‍ കബനിയില്‍ വച്ച് കടുവയെ കണ്ടത് മനസ്സില്‍ തെളിഞ്ഞു. യാത്രകളെ അവിസ്മരണീയമാക്കുന്നത് അപ്രതീക്ഷിതമായി കാടൊരുക്കുന്ന ഇത്തരം കാഴ്ച്ചകളാണ്.

മൂന്ന് സംസ്ഥാനങ്ങള്‍, മൂന്ന് കാടുകള്‍

നിലമ്പൂര്‍ വഴി നാടുകാണി ചുരം വഴി തമിഴ്‌നാടിന്റെ മുതുമലയും, കര്‍ണാടകയുടെ ബന്ദിപ്പൂരും, സൂര്യകാന്തിയും ചെണ്ടു മല്ലിയും പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുണ്ടല്‍ പേട്ടയും കേരളത്തിന്റെ മുത്തങ്ങയും കടന്നു വയനാടിന്റെ മാറിലേക്ക് ചായുമ്പോള്‍ തന്നെ മനസ് പ്രകൃതിയുടെ ലഹരിയില്‍ അലിഞ്ഞിരുന്നു. മുത്തങ്ങയുടെയും ബന്ദിപ്പുരിന്റെയും അതിര്‍ത്തിയില്‍ നിന്ന് കാട്ടുചെന്നായകള്‍ ഇരയെ തേടിയാവണം അങ്ങിങ്ങായി നില്‍പ്പുണ്ട്.

വണ്ടി തൊട്ടടുത്തായി നിര്‍ത്തിയിട്ടു. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു നിമിഷം കാട്ടുനായ്ക്കള്‍ കാമറയിലേക്ക് നോക്കി നിന്നു. പിന്നെ വേഗത്തിലേക്ക കുറ്റിക്കാട്ടില്‍ മറഞ്ഞു.

ഓരോ കാഴ്ചകളും കാമറയില്‍ ഒപ്പിയെടുക്കാനുള്ള തിടുക്കത്തില്‍ പലപ്പോഴും കാടിന്റെ വന്യമായ സൗന്ദര്യവും മഴയഴകും ആസ്വദിക്കാന്‍ മറന്നു. എത്രയോ തവണ ഈ വഴികള്‍ പിന്നിട്ടിരിക്കുന്നു, എന്നിട്ടും ഈ മഴയത്ത് ഓരോ കാഴ്ചയും വ്യത്യസ്തമായി അനുഭവപ്പെട്ടു. മഴ കാരണം മുത്തങ്ങയിലെ ട്രെക്കിങ്ങിന് യാത്രികര്‍ കുറവാണ്. കാട്ടിനുള്ളില്‍ തന്നെ വെള്ളവും ഭക്ഷണവും സുഭിക്ഷമായതിനാല്‍ പുറംകാടുകളില്‍ മൃഗങ്ങളെ കാണുന്നത് കുറവാണ്.

കാടിന്റെ ഭംഗി ആസ്വദിക്കാന്‍ മഴക്കാലം അടിപൊളിയാണ്. മുത്തങ്ങയിലെ പുല്‍ മേടുകളില്‍ മേയുന്ന മാനുകള്‍ കുളിര്‍കാഴ്ചയാണ്. ആദിവാസി ഗോത്രസമൂഹങ്ങളും ജൈവ വൈവിധ്യവും നിറഞ്ഞ മുത്തങ്ങയിലെ കാഴ്ച്ചകള്‍ ആവോളം നുകര്‍ന്ന് നേരെ തോല്‍പ്പെട്ടിയിലേക്ക്. അവിടെ പച്ചപ്പ് നുകര്‍ന്ന് ആനയുടെയും കുഞ്ഞിന്റെയും നില്‍പ്പ് കാഴ്ച്ചയുടെ വിരുന്നൊരുക്കി.

അമ്മക്കും കുഞ്ഞിനും ശല്യമാകാതെ റോഡിനരികിലായി കാറ് നിര്‍ത്തിയിട്ടു. കുറച്ചു നേരെ ചിത്രങ്ങള്‍ എടുക്കാതെ ആനയുടെ നിഴല്‍പറ്റി നില്‍ക്കുന്ന കുട്ടികുറുമ്പനെ തന്നെ നോക്കി നിന്നു. റോഡരികില്‍ തന്നെ ആനയേയും കുഞ്ഞിനെയും കണ്ടതോടെ കാഴ്ച്ച ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളും വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. മതിവരുവോളം ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം രാത്രിയില്‍ താമസിക്കാനുള്ള സ്ഥലം ലക്ഷ്യമാക്കി യാത്രതിരിച്ചു.

തോല്‍പെട്ടിയില്‍ നിന്ന് രാവിലെയാണ് ട്രെക്കിങ്ങിന് പോയത്. മഴപെയ്ത് നനഞ്ഞ കാട്ടുവഴികളിലൂടെ ജീപ്പിലുള്ള യാത്ര വ്യത്യസ്ഥത അനുഭവമാണ് സമ്മാനിച്ചത്. കാട്ടിടവഴികളിലൂടെ തനിച്ചുള്ള ഡ്രൈവിങ്ങും ട്രെക്കിങ്ങും കഴിഞ്ഞ് വയനാടിന് വിട പറഞ്ഞ് ചുരമിറങ്ങുമ്പോള്‍ അടുത്ത യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു മനസ്സ്.

വയനാടും കാഴ്ച്ചകളും

സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍. 2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണ്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢ ഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.

സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കോഴിക്കോട്

സമീപ വിമാനത്താവളം: കോഴിക്കോട്, കണ്ണൂര്‍.


ജില്ലയിലെ പ്രമുഖ പട്ടണങ്ങളും റെയില്‍വെ സ്‌റ്റേഷനും തമ്മിലുള്ള അകലം.

  • കല്‍പറ്റ : കോഴിക്കോട് നിന്ന് 72 കി. മീ.
  • മാനന്തവാടി : തലശ്ശേരിയില്‍ നിന്ന് 80 കി. മീ. / കോഴിക്കോട് നിന്ന് 106 കി. മീ.
  • സുല്‍ത്താന്‍ ബത്തേരി : കോഴിക്കോട് നിന്ന് 97 കി. മീ.
  • വൈത്തിരി : കോഴിക്കോട് നിന്ന് 60 കി. മീ.

റോഡ് മാര്‍ഗ്ഗം : കോഴിക്കോട്, കണ്ണൂര്‍, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വയനാട് റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.

ചെമ്പ്ര കൊടുമുടി, നീലിമല, മീന്‍മുട്ടി വെള്ളച്ചാട്ടം, ചെതലയം, പക്ഷി പാതാളം, ബാണാസുര സാഗര്‍ അണക്കെട്ട്, പൂക്കോട് തടാകം, തിരുനെല്ലി, ജൈന ക്ഷേത്രം, എടക്കല്‍ ഗുഹ തുടങ്ങി കാഴ്ച്ചകളുടെ പറുദീസയാണ് വയനാട്.




Next Story

RELATED STORIES

Share it