Sub Lead

സലഫി നേതാവ് സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് ചമ്പാട് വച്ച് അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്ധിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സലഫി നേതാവ് സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു
X

കണ്ണൂര്‍: സലഫി പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ. കെ കെ സകരിയ്യ സ്വലാഹി(54) വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് ചമ്പാട് വച്ച് അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ മംഗലശ്ശേരിയിലാണ് താമസം.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന നേതാവും ഫത്വ ബോര്‍ഡ് അംഗവുമായിരുന്നു. ഐഎസ്എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ കെ സക്കരിയ്യ സ്വലാഹിയെ ജിന്ന് വിവാദത്തില്‍ ഔദ്യോഗിക പക്ഷത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ നിന്ന് ബിരുദവും അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു.

കേരളത്തിലെ മുജാഹിദ് സംഘടനാ നേതൃത്വത്തില്‍ സജീവമായിരുന്ന അദ്ദേഹം പിളര്‍പ്പിനെ തുടര്‍ന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി. തുടര്‍ന്ന് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ രംഗത്തു നിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 10ന് കടവത്തൂര്‍ എരിഞ്ഞിന്‍ കീഴില്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it