Sub Lead

തവനൂരിലും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; കറുത്ത വേഷമിട്ട് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

തവനൂരിലും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; കറുത്ത വേഷമിട്ട് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു
X

മലപ്പുറം: സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് തവനൂരിലെത്തിയ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പോലിസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുനീക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കെ ടി ജലീലും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.


കനത്ത സുരക്ഷയിലും പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്താന്‍ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ ക്രമീകരണത്തിലാണ് മുഖ്യമന്ത്രിയെത്തിയത്. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോവുന്നതിനിടെ കുന്നംകുളത്ത് വച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അതേസമയം, തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു. രണ്ട് പരിപാടികളിലാണ് ഇന്ന് മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുക. 700 ഓളം പോലിസുകാരെയാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.

ജില്ലാ പോലിസ് മേധാവി എസ് സുജിത് ദാസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ എട്ട് ഡിവൈഎസ്പിമാരും 25 ഇന്‍സ്‌പെക്ടര്‍മാരും സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നുണ്ട്. മലപ്പുറം മിനി പമ്പയിലും കനത്ത സുരക്ഷയാണ് പോലിീസ് ഒരുക്കിയിട്ടുള്ളത്. മിനി പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കറുത്ത മാസ്‌ക്കിന് ഇന്നും വിലക്കുണ്ട്. തവനൂരില്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ കറുത്ത മാസ്‌ക് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. കറുത്ത മാസ്‌ക് നീക്കാന്‍ ആവശ്യപ്പെടുകയും പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കുകയുമായിരുന്നു. കുറ്റിപ്പുറത്ത് ഹോട്ടലുകള്‍ അടപ്പിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങള്‍ ബദല്‍ റോഡിലൂടെ കടന്നുപോവണമെന്നാണ് നിര്‍ദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കറുത്ത മാസ്‌ക് മാറ്റാനാവശ്യപ്പെടുന്ന ദൃശ്യങ്ങളടക്കം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളെ വിലക്കാനുള്ള നീക്കവും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷയാണ്. ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.

രാമനാട്ടുകര മുതല്‍ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതല്‍ വേദികളുടെ നിയന്ത്രണം പോലിസ് ഏറ്റെടുക്കും. പരിപാടികള്‍ക്ക് 1 മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ഈ നിയന്ത്രണം ബാധകമെന്ന് പൊലിസ് അറിയിച്ചു. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലില്‍ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടര്‍ന്ന് നാലുമണിക്ക് ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം, 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it