Sub Lead

യുപി നിയമസഭാ കവാടത്തില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

യുപി നിയമസഭാ കവാടത്തില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
X

ലക്നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലെ നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ പോലിസുകാര്‍ നോക്കിനില്‍ക്കെ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ചയാണ് യുപി സംസ്ഥാന നിയമസഭയായ വിധാന്‍ സഭയുടെ കവാടത്തില്‍ മഹാരാജ് ഗഞ്ച് ജില്ലയിലെ താമസക്കാരിയായ അഞ്ജലി തിവാരി(35) സ്വയം തീക്കൊളുത്തിയത്. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരും മറ്റു ചിലരും ചേര്‍ന്ന തീയണയ്ക്കാന്‍ ശ്രമിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. അവര്‍ യുവതിക്ക് പുതപ്പും തൂവാലയും നല്‍കി. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവതിയെ ആംബുലന്‍സില്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭാ സമുച്ചയത്തിന്റെ ഗേറ്റ് നമ്പര്‍ 3ന് മുന്നിലാണ് സംഭവം നടന്നതെന്ന് നവഭാരത് ടൈംസ് റിപോര്‍ട്ട് ചെയ്തു.

മഹാരാജ് ഗഞ്ചിലെ അഖിലേഷ് തിവാരിയെ വിവാഹം കഴിച്ച യുവതി പിന്നീട് ഇദ്ദേഹവുമായി വേര്‍പിരിഞ്ഞു വിവാഹമോചനം നേടി. പിന്നീട് ആഷിക് റാസ എന്ന യുവാവുമായി അടുത്തു. ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. യുവതി മതം മാറിയാണ് ആഷിക് റാസയെ വിവാഹം ചെയ്തതെന്ന് എന്‍ബിടി റിപോര്‍ട്ട് ചെയ്തു. യുവാവിന്റെ വീട്ടുകാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി യുവതി പ്രാദേശിക പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് നിഗമനം.

അഞ്ജലി തിവാരിയുടെ ഭര്‍ത്താവ് ആശിക് റാസ സൗദി അറേബ്യയിലേക്ക് പോയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞതായി സബ്രംഗ് ഇന്ത്യ.ഇന്‍ റിപോര്‍ട്ട് ചെയ്തു. പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, വലതുപക്ഷ-ഹിന്ദുത്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലൗജിഹാദ് കുപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Woman sets herself ablaze in front of Assembly building in Lucknow




Next Story

RELATED STORIES

Share it