Sub Lead

ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. പാശ്ചാത്യേതര രാജ്യം വികസിപ്പിച്ച് ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്‌സിനാണിത്.

ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
X

ബെയ്ജിങ്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. പാശ്ചാത്യേതര രാജ്യം വികസിപ്പിച്ച് ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്‌സിനാണിത്.

ഫൈസര്‍, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ എന്നിവ നിര്‍മിക്കുന്ന വാക്‌സിനുകള്‍ക്ക് മാത്രമേ ലോകാരോഗ്യസംഘടന ഇതിന് മുമ്പ് അംഗീകാരം നല്‍കിയിട്ടുള്ളൂ. എന്നാല്‍, സിനോഫാമിന് യുഎഇ, ബഹ്‌റയ്ന്‍, പാകിസ്താന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ റഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ പ്രതിരോധ വാക്‌സിനായ മൊഡേണ വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന തീരുമാനിച്ചത്.

വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് ഊര്‍ജിതമായി മുന്നോട്ടുപോവുന്നതിനിടയില്‍ സിനോഫാമിന്റെ അംഗീകാരത്തിനായി ചൈന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിലവില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഈ വാക്‌സിന് അനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. 18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രണ്ട് ഡോസുകളായി നല്‍കണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നു. ചൈനയിലെയും മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സിനോഫാം ഇതിനകം നല്‍കിയിട്ടുണ്ട്.

മറ്റൊരു ചൈനീസ് കൊവിഡ് വാക്‌സിനായ സിനോവാക് അടിയന്തര ഉപയോഗത്തിനായി അംഗീകാരം നല്‍കണോ എന്ന കാര്യത്തിലും ലോകാരോഗ്യസംഘടന ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനോവാക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് അവലോകനം നടത്താന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചിരുന്നു. ചൈനയുടെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍പ്പെടുത്തിയതായി ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്ന സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആറാമത്തെ വാക്‌സിനാണിത്. ചൈന നാഷനല്‍ ബയോടെക് ഗ്രൂപ്പിന്റെ (സിഎന്‍ബിജി) അനുബന്ധ സ്ഥാപനമായ ബെയ്ജിങ് ബയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്‌സിന്‍ നിര്‍മിക്കുന്നത്.

Next Story

RELATED STORIES

Share it