Sub Lead

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം, മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി വേണം; കര്‍ശന ഇടപെടലുമായി ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം, മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി വേണം; കര്‍ശന ഇടപെടലുമായി ഹൈക്കോടതി
X

കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാവുന്നുവെന്നും ഹൈക്കോടതി. ബ്രഹ് മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിഷപ്പുക പ്രശ്‌നത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പൗരന്‍മാരുടെ അവകാശസംരക്ഷകര്‍ എന്ന നിലയിലാണ് ഈ വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുത്തത്.

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമായി. അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി വ്യക്തമാക്കി. പൊതുജന താല്‍പര്യത്തിനാണ് പ്രഥമ പരിഗണന. കൊച്ചിയിലെ വിഷപ്പുക പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. നഗരത്തിലെ മാലിന്യസംസ്‌കരണത്തിന് കൃത്യമായ സംവിധാനവും വേണം. ഉറവിടങ്ങളില്‍ തന്നെ മാലിന്യം വേര്‍തിരിക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. മാലിന്യം പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചിയിലെ വിഷപ്പുക വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാലിന്യസംസ്‌കരണ നിയമങ്ങള്‍ അഡീ.ചീഫ് സെക്രട്ടറി കോടതിയില്‍ വായിച്ചു. എല്ലാം നിയന്ത്രണത്തിലെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയും പറഞ്ഞു. എന്നാല്‍, ഏറെ പേജുകളുള്ള റിപോര്‍ട്ടുകളുമായി ഇങ്ങോട്ടുവരെണ്ടെന്നാണ് കോടതി സര്‍ക്കാരിന് മറുപടി നല്‍കിയത്.

മാലിന്യപ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാല്‍ മതിയെന്നും കോടതി സര്‍ക്കാരിനോടായി പറഞ്ഞു. ജൂണ്‍ ആറ് വരെയുളള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവന്‍ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാവരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.

സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. നിയമങ്ങള്‍ അതിന്റെ യഥാര്‍ഥ ഉദ്ദേശത്തില്‍ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. തീപ്പിടിത്തത്തിന് മൂന്നുദിവസം മുമ്പ് തന്നെ കോര്‍പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ചൂട് കൂടുന്നതിനാല്‍ ജാഗ്രതവേണമെന്ന നിര്‍ദേശം കോര്‍പ്പറേഷന് നല്‍കിയിരുന്നു. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ചോദിച്ചു. അങ്ങനെയുള്ള റിപോര്‍ട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍, ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വെളളിയാഴ്ച വിശദമായ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it