Top

കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേന; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ

സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധസേന രൂപീകരിക്കും

കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേന; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: കൊവിഡ് ഭീഷണി നേരിടാന്‍ സംസ്ഥാനം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസേന രംഗത്തിറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധസേന രൂപീകരിക്കും. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും 6 കോര്‍പറേഷനുകളില്‍ 750 വീതവും അംഗങ്ങളാണ് സേനയില്‍ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. 'സന്നദ്ധം' എന്ന സാമൂഹിക സന്നദ്ധ സേനയുടെ വെബ് പോര്‍ട്ടല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങളില്‍നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങള്‍ നല്‍കുക, പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് യുവജന സന്നദ്ധ സേവകര്‍ നിര്‍വഹിക്കുക. ഇവര്‍ക്കുള്ള തിരിച്ചറിയാല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നല്‍കും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും.

ഇതിനുപുറമെ യുവജന കമ്മീഷന്‍ 1465 യുവ വോളന്റിയര്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയ്യാറായി യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് ഈ പ്രവര്‍ത്തനം നടത്തിയത്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവര്‍ത്തനമാണ് ഇവരും നടത്തുക. ഇവരെയും 'സന്നദ്ധം' പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യും. വിലക്കയറ്റത്തിന്റെയും സാധന ദൗര്‍ലഭ്യത്തിന്റെയും വിവരങ്ങള്‍ പരാതികളായി വരുന്നുണ്ട്. ആവര്‍ത്തിച്ച് പറഞ്ഞതാണ് സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് അനുവദിക്കാനാവില്ലെന്ന്. അത്യാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങളുടെയും മറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തകച്ചവടക്കാരുമായി ഇന്ന് ഓഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. റീട്ടെയില്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തേ സംസാരിച്ചിരുന്നു. ഹോള്‍സെയില്‍കാരുടെ സാധനങ്ങള്‍ റീട്ടെയില്‍കാരുടെ കടയില്‍ എത്തിക്കുന്നതിന് തടസ്സമുണ്ടാവില്ല. ആദ്യദിവസങ്ങളില്‍ ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനാവും. മൂന്ന് നാല് മാസങ്ങളിലേക്ക് വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനാവണം. ന്യായമായ വിലയ്ക്ക് തന്നെ സാധനങ്ങള്‍ കൊടുക്കാനാവണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. വലിയ പരാതിയില്ല. എന്നാല്‍, തീരെ ഇല്ലെന്നല്ല.

റീട്ടെയില്‍ വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസ്സവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയാസം വന്നാല്‍ അത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവര്‍ത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹകരണവും തേടും. നമുക്ക് സാധ്യമായ എല്ലാ വഴികളും തേടും.

715 പഞ്ചായത്തുകള്‍ ഹെല്‍പ്പ്‌ലൈന്‍ സജ്ജീകരിച്ചു. 86,421 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. സംസ്ഥാനത്താകെ 15,433 വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമതലത്തില്‍ 2,007 കെയര്‍ സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളില്‍ 3482 വാര്‍ഡുസമിതികളാണ് പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളില്‍ 16,785 വോളന്റിയര്‍മാര്‍ രംഗത്തുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഇക്കാര്യത്തില്‍ മികച്ച ഇടപെടലാണ് നടത്തുന്നത്.

കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹന രജിസ്‌ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പുതിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തിയ്യതിക്കു മുമ്പ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമ്പാദിച്ച വാഹനങ്ങള്‍ക്ക് ബാധകമാവില്ല. അപേക്ഷ നല്‍കുന്നതില്‍ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും. ജി ഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോര്‍ വാഹന നിയമം 66(3) പ്രകാരം പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കി. പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്റിറിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കുകയാണ്.
Next Story

RELATED STORIES

Share it