Latest News

അനില്‍ അംബാനിക്കെതിരേ സിബിഐ കേസ്; 3,750 കോടി രൂപയുടെ തട്ടിപ്പ്

അനില്‍ അംബാനിക്കെതിരേ സിബിഐ കേസ്; 3,750 കോടി രൂപയുടെ തട്ടിപ്പ്
X

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരേ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. എല്‍ഐസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ചാണ് നടപടി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായ അംബാനിക്കൊപ്പം കമ്പനിയിലെ ഉദ്യോഗസ്ഥരും ചില ബാങ്ക് ജീവനക്കാര്‍ക്കെതിരേയും കേസെടുത്തു. ഗൂഢാലോചന, വഞ്ചന, പണാപഹരണം, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എല്‍ഐസിയെ 4,500 കോടി രൂപയുടെ നോണ്‍കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളില്‍ നിക്ഷേപം നടത്തിച്ചു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നിന്നുള്ള പണം സബ്‌സിഡിയറികള്‍ വഴി വഴിതിരിച്ചുവിട്ടതായും, വ്യാജ ഇന്‍വോയ്‌സുകളും ഇല്ലാത്ത ബില്ലുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായും അന്വേഷണ ഏജന്‍സി പറയുന്നു.

ഷെല്‍ കമ്പനികള്‍ വഴി വന്‍തോതില്‍ പണം കടത്തിയതായും, നിക്ഷേപത്തിന് ഈടായി നല്‍കിയ ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാട്ടിയതിലൂടെ എല്‍ഐസിയെ വഞ്ചിച്ചതായും കണ്ടെത്തലുണ്ട്. 2020 ഒക്ടോബറില്‍ പുറത്തുവന്ന ഫോറന്‍സിക് ഓഡിറ്റ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. അനില്‍ അംബാനിക്കെതിരായ സിബിഐയുടെ നാലാമത്തെ കേസാണിത്. മുന്നു കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടെലികോം ബിസിനസ് തകര്‍ച്ചയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയും നിയമപരമായ വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് പുതിയ കേസ്.

Next Story

RELATED STORIES

Share it