Big stories

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിനുനേരെ വെടിവയ്‌പ്പെന്ന് റിപോര്‍ട്ട്

അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ പരക്കെ ആക്രമണങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിനുനേരെ വെടിവയ്‌പ്പെന്ന് റിപോര്‍ട്ട്
X
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം ലോക്‌സഭാ സ്ഥാനാര്‍ഥി മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിവയ്‌പ്പെന്ന് റിപോര്‍ട്ട്. ആക്രമണത്തില്‍ സലീം സഞ്ചരിച്ച കാറിന് നേരെ കല്ലേറും നടത്തി. വോട്ട് ചെയ്യാന്‍ റായ്ഗഞ്ചിലെത്തിയ സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ഒരു സംഘത്തിന്റെ ആക്രമണം. എന്നാല്‍ വെടിവയ്പ്പുണ്ടായതായ സിപിഎം ആരോപണം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. മുഹമ്മദ് സലീമിന് പരിക്കുകള്‍ ഉള്ളതായി റിപോര്‍ട്ടില്ല.

അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ പരക്കെ ആക്രമണങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ ബൂത്തിലെത്തിയതിനെത്തുടര്‍ന്ന് ഗിര്‍പറില്‍ ചില പാര്‍ട്ടികള്‍ ദേശീയപാത ഉപരോധിച്ചു. ആക്രമണം ശക്തമായ ഇടങ്ങളില്‍ പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. പോലിസും കേന്ദ്ര സേനയും ഇതിനകം തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞു.

അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഇവര്‍ പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബൂത്തുകള്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ റായ്ഗഞ്ചില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.വോട്ട് ചെയ്യാന്‍ തങ്ങളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടാണ് പ്രതിഷേധ സൂചകമായി റോഡ് ഉപരോധിക്കുന്നത്. 180, 129 ബൂത്തുകളിലാണ് പ്രശ്‌നം. മറ്റു ചില ബൂത്തുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായും ആരോപണമുണ്ട്. വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുക്കുകയും സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്യുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രതിപക്ഷ നേതാക്കളെ പോളിങ് ബൂത്തിലേക്ക് കടത്തിവിടുന്നില്ലെന്നാരോപിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it