Sub Lead

ദ്വിരാഷ്ട്ര വാദം ആദ്യം ഉന്നയിച്ചത് സവര്‍ക്കര്‍: ശശി തരൂര്‍

ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യത്തെ വക്താവ് യഥാര്‍ത്ഥത്തില്‍ വി ഡി സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദു മഹാസഭയുടെ തലവന്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും രണ്ട് പ്രത്യേക ദേശീയത അംഗീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ പറഞ്ഞു.

ദ്വിരാഷ്ട്ര വാദം ആദ്യം ഉന്നയിച്ചത് സവര്‍ക്കര്‍: ശശി തരൂര്‍
X

ജയ്പൂര്‍: മുസ്‌ലിം ലീഗ് പാകിസ്താന്‍ പ്രമേയം പാസാക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് വലതുപക്ഷ നേതാവ് സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

വിഭജനത്തിന്റെ സമയത്ത്, ഏറ്റവും വലിയ ചോദ്യം 'മതം ദേശീയതയെ നിര്‍ണയിക്കുന്നതാണോ' എന്നായിരുന്നു. 1940 ലെ ലാഹോര്‍ സെഷനില്‍ മുസ്‌ലിം ലീഗ് പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ് ഭരണഘടനയോടുള്ള പുച്ഛം ആരംഭിക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഇന്ത്യ പിതൃഭൂമിയാണ്, പൂര്‍വ്വികരുടെ നാടാണ്, വിശുദ്ധ സ്ഥലമാണ് എന്നെല്ലാമാണ് സവര്‍ക്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഭരണഘടനയെ പൂര്‍ണമായും തള്ളിയിരുന്നു'. ശശി തരൂര്‍ പറഞ്ഞു.

സമകാലിക രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തി കുറച്ചുകൊണ്ടുവരാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ഗാന്ധി ഇപ്പോള്‍ കണ്ണട മാത്രമായി ചുരുങ്ങിയെന്ന് തരൂര്‍ പറഞ്ഞു. സമകാലിക രാഷ്ട്രീയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും പ്രസക്തിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യവിഭജനത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഏതെങ്കിലും ആശയങ്ങളുടെയോ, ഭൂമിശാസ്ത്രത്തിന്റെയോ പേരിലല്ലായിരുന്നു ഈ വിഭജനം. മതമാണോ ദേശീയതയെ നിര്‍ണയിക്കേണ്ടത്? മുസ്‌ലിം വിശ്വാസമുള്ളവര്‍ പാകിസ്താന്‍ രൂപീകരിച്ചു. എന്നാല്‍, ദേശീയതയെ നിര്‍ണയിക്കുന്നത് മതമല്ലെന്ന ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളില്‍ വിശ്വസിച്ച വലിയ വിഭാഗം മുസ്‌ലിംകള്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. എല്ലാവരും അടങ്ങുന്ന ഒരു രാജ്യത്തിന്റെ, എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തിന്റെ സൃഷ്ടിക്കായി നമ്മള്‍ പോരാടി. അതിനുവേണ്ടി ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കി,' ശശി തരൂര്‍ പറഞ്ഞു.

ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യത്തെ വക്താവ് യഥാര്‍ത്ഥത്തില്‍ വി ഡി സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദു മഹാസഭയുടെ തലവന്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും രണ്ട് പ്രത്യേക ദേശീയത അംഗീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1940 ലെ ലാഹോര്‍ സെഷനിലാണ് മുസ്‌ലിംലീഗ് പാകിസ്താന്‍ പ്രമേയം പാസാക്കുന്നത്. തരൂര്‍ പറഞ്ഞു.

'ഗാന്ധി ഭക്തനായ ഒരു ഹിന്ദുവായിരുന്നു, എന്നാല്‍ അദ്ദേഹം പ്രഭാത പ്രാര്‍ത്ഥനയില്‍ ക്രിസ്ത്യന്‍ സ്തുതിഗീതങ്ങള്‍, ഖുറാനില്‍ നിന്നുള്ള വാക്യങ്ങള്‍, ഗുരു ഗ്രന്ഥ് സാഹിബിന്റെ വാക്യങ്ങള്‍ ഉള്‍പ്പെടുത്തി. അവിടെ ഉണ്ടായിരുന്ന എല്ലാ മതങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായിരുന്നു ഗാന്ധി'. തരൂര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഇന്ത്യയായിരുന്നു മഹാത്മാഗാന്ധി. 'ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ ബലിപീഠത്തില്‍ അദ്ദേഹം ജീവന്‍ നല്‍കി. ഗാന്ധി മുസ് ലിംകളെ പ്രീണിപ്പിക്കുന്നു എന്ന് വിശ്വസിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it