Sub Lead

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ കസ്റ്റഡിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ കസ്റ്റഡിയില്‍
X

ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണെന്ന് പോലിസ് പറഞ്ഞു. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ പോലിസ് കേസ് എടുത്തു.

പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വയലാര്‍ നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ ജാഥക്ക് നേരെ സംഘടിച്ചെത്തിയ ആര്‍എസ്എസ്സുകാരാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആര്‍എസ്എസ് ആസൂത്രിത ആക്രമണമാണ് നടത്തിയതെന്ന് എസ്ഡിപിഐ ആരോപിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാര്‍ നാഗംകുളങ്ങര കവലയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.

ഇന്നലെ ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രണ്ട് വിഭാഗവും വൈകീട്ട് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര തട്ടാംപറമ്പില്‍ നന്ദു കൃഷ്ണയാണ് മരിച്ചത്.

സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ എസ് നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്ന് നന്ദുവിന്റെ വീട് സന്ദര്‍ശിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍.

Next Story

RELATED STORIES

Share it