Sub Lead

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയോ എസ്പിയുടെ തിരിച്ചു വരവോ? അവസാനഘട്ട പോളിങ് ഇന്ന്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതനുസരിച്ച് യുപിയിലെ ഒമ്പത് ജില്ലകളിലായി 54 സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയോ  എസ്പിയുടെ തിരിച്ചു വരവോ? അവസാനഘട്ട പോളിങ് ഇന്ന്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഇതോടെ, അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാവും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതനുസരിച്ച് യുപിയിലെ ഒമ്പത് ജില്ലകളിലായി 54 സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. 613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉള്‍പ്പടെയുള്ള ജില്ലകളിലെ മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ വിധി എഴുതുന്നത്. ഇതോടെ ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ അവസാനം കുറിക്കും. വരുന്ന വ്യാഴാഴ്ച യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരും.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) പരമ്പരാഗത കോട്ടയായ അസംഗഢില്‍ പോളിംഗ് നടക്കും.

അതേസമയം, നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. പഞ്ചാബില്‍ കാറ്റ് മാറി വീശിയാല്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും. ഇന്ന് വൈകീട്ട് ആറിന് ശേഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതുമ്പോള്‍ എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശിലേക്കാണ്. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി സംഭവം, ഉന്നാവിലെയും ഹാത്രസിലെയും പീഡന കേസുകള്‍ യോഗി സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു പിടി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനവിധി നിര്‍ണ്ണായകമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും പൂര്‍വ്വാഞ്ചലിലുമായി നടന്ന ആറ് ഘട്ടങ്ങളില്‍ അഞ്ചിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ട്.

ധ്രുവീകരണ ശ്രമം കര്‍ഷക സമരത്തില്‍ പാളിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ മുഴുവന്‍ പിന്തുണ യോഗിക്ക് കിട്ടിയോ എന്ന സംശയം ബിജെപിക്കുണ്ട്. രാമക്ഷേത്ര നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ചര്‍ച്ചയായില്ലെന്ന് കണ്ടതോടെ ഓപ്പറേഷന്‍ ഗംഗ വരെ ആയുധമാക്കി. പഴയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമോയെന്നതാണ് ബിജെപി ക്യാംപിലെ ചോദ്യം .

നേര്‍ക്കുനേര്‍ പോരാട്ടമെന്ന പ്രതീതീയുണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമെന്നാണ് അഖിലേഷ് ക്യാംപിന്റെ വിലയിരുത്തല്‍. വിധിയെഴുത്തില്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ എങ്ങനെ ചിന്തിക്കുമെന്നതും പ്രധാനമാണ്.

അവസാനഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിയും അകാലിദളും നടത്തിയ മുന്നേറ്റം തിരിച്ചടിയാവുമെന്ന ആശങ്ക പഞ്ചാബില്‍ കോണ്‍ഗ്രസിനുണ്ട്. ചന്നിയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തില്‍ ദളിത് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുമോയെന്നതാണ് വെല്ലുവിളി. കേവല ഭൂരിപക്ഷമെന്ന 21 സീറ്റ് ബാലികേറാമലയായി കാണുന്ന ഗോവയില്‍ ഫലത്തിന് ശേഷമുള്ള സഖ്യ നീക്കങ്ങളിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശ്രദ്ധ. ഉത്തരാഖണ്ഡിലെയും മണിപ്പൂരിലെയും ജനവിധി ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it