Sub Lead

സ്മൃതി ഇറാനിക്ക് നേരെ ഗോ ബാക്ക് വിളി; വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സ്മൃതി ഇറാനിക്ക് നേരെ ഗോ ബാക്ക് വിളി; വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
X

ലക്‌നോ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വാരണാസിയില്‍ വച്ച് ഉച്ചയോടെ മന്ത്രിയുടെ വാഹനവ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചു, പ്രവര്‍ത്തകരെ പോലിസ് മാറ്റാന്‍ ശ്രമിച്ചതോടെ പ്രദേശം സംഘര്‍ഷാവസ്ഥയായി. നേരത്തെ, രാഹുല്‍ ഗാന്ധി ഹഥ്‌റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നത് രാഷ്ട്രിയ നേട്ടത്തിനായാണെന്ന് സ്മൃതി പറഞ്ഞിരുന്നു.


മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയല്ല രാഹുലിന്റെ ലക്ഷ്യം. അത് വെറും രാഷ്ട്രിയ നാടകം മാത്രമാണ്. കോണ്‍ഗ്രസിന്റെ തന്ത്രം ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് 2019ലെ തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയെ വിജയിപ്പിച്ചതെന്ന് സ്മൃതി പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു. പാര്‍ട്ടി എംപിമാര്‍ക്കൊപ്പമാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ യാത്ര തടയാന്‍ ഡല്‍ഹി-നോയിഡ പാത യോഗി സര്‍ക്കാര്‍ അടച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചത്.

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണ പരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹഥ്‌റാസ് സ്ത്രീയോടുള്ള ക്രൂരതയും അര്‍ദ്ധരാത്രിക്ക് ശേഷമുള്ള സംസ്‌കാരവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ചിരുക്കുകയാണ്.




Next Story

RELATED STORIES

Share it