Sub Lead

'സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം': തുര്‍ക്കിയോട് യുഎന്‍

പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ പരിധിയില്‍വരുമെന്നും സമിതി വ്യക്തമാക്കി.

സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം: തുര്‍ക്കിയോട് യുഎന്‍
X

ന്യൂയോര്‍ക്ക്: തട്ടിക്കൊണ്ടുപോകല്‍, പീഡനം, സിവിലിയന്‍ സ്വത്തുക്കള്‍ കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ആങ്കറയുടെ പിന്തുണയുള്ള വടക്കന്‍ സിറിയയിലെ വിമതരെ തുര്‍ക്കി നിലയ്ക്കു നിര്‍ത്തണമെന്ന് യുഎന്നിന്റെ യുദ്ധകുറ്റ അന്വേഷകര്‍. പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ പരിധിയില്‍വരുമെന്നും സമിതി വ്യക്തമാക്കി.

2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ബലാല്‍സംഗവും സിവിലിയന്‍ കൊലകളും വര്‍ധിച്ചെന്നും സിറിയന്‍ വിഷയത്തിലെ യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ ദേശീയ സൈന്യം അഫ്രിന്‍, റാസ് അല്‍ഐന്‍, പരിസര പ്രദേശങ്ങളില്‍

ബന്ദികളാക്കല്‍, ക്രൂരമായ പെരുമാറ്റം, പീഡനം, ബലാത്സംഗം എന്നീ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടാകാമെന്നും പാനല്‍ സമിതി അധ്യക്ഷന്‍ പൗലോ പിന്‍ഹീറോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ദുരുപയോഗം തടയുന്നതിനും അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തുര്‍ക്കി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സിറിയയിലെ സൈനിക നടപടികളില്‍ സിവിലിയന്‍മാര്‍ക്കുണ്ടാവുന്ന അത്യാഹിതം ഒഴിവാക്കാന്‍ വളരെയധികം ശ്രമിക്കുന്നതായി തുര്‍ക്കിയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സിറിയയില്‍ തുര്‍ക്കിയും റഷ്യയും എതിര്‍ ചേരിയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇറാനൊപ്പം റഷ്യയും പ്രസിഡന്റ് ബഷറുല്‍ അസദിന്റെ സൈന്യത്തെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുന്ന വിമതരെയാണ് തുര്‍ക്കി പിന്തുണയ്ക്കുന്നത്.കഴിഞ്ഞ വര്‍ഷം അതിര്‍ത്തി പട്ടണമായ റാസ് അല്‍ ഐന്റെ നിയന്ത്രണം തുര്‍ക്കി പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it