Sub Lead

'ഈ നാട് നീതിക്കുവേണ്ടി നിലകൊള്ളുക തന്നെ ചെയ്യും'; യുഎപിഎ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈരാറ്റുപേട്ടക്കാര്‍

ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിക് ഫോറത്തിന്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് യുഎപിഎയുടെ ദുരുപയോഗമല്ല, ഉപയോഗം തന്നെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ എസ് മധുസൂദനന്‍ അഭിപ്രായപ്പെട്ടു.

ഈ നാട് നീതിക്കുവേണ്ടി നിലകൊള്ളുക തന്നെ ചെയ്യും; യുഎപിഎ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈരാറ്റുപേട്ടക്കാര്‍
X

കോട്ടയം: 'ഈ നാട് നീതിക്കുവേണ്ടി നിലകൊള്ളുക തന്നെ ചെയ്യും' എന്ന മുദ്രാവാക്യവുമായി നാട്ടുകാരായ നാല് യുഎപിഎ വിചാരണത്തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈരാറ്റുപേട്ട നിവാസികള്‍. ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിക് ഫോറത്തിന്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് യുഎപിഎയുടെ ദുരുപയോഗമല്ല, ഉപയോഗം തന്നെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ എസ് മധുസൂദനന്‍ അഭിപ്രായപ്പെട്ടു. ഈ നിയമം ഇല്ലാതാക്കപ്പെടണം. ബുദ്ധിശാലികളായ മുസ്‌ലിം യുവാക്കളെ വ്യാജകേസുകളില്‍പെടുത്തി തടവറയിലാക്കുകയാണ്.


തടവില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന ജീവിതകാലത്തിന് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്ന് അഡ്വ. മധുസൂദനന്‍ ചോദിച്ചു. ടാഡ പോലുള്ള ഭീകരനിയമങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ സമാനമായ വകുപ്പുകള്‍ യുഎപിഎയിലേക്ക് അടക്കം തിരുകിക്കയറ്റുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ നിഷേധിക്കപ്പെടുന്നത് മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ക്കാണ്. വിദ്യാഭ്യാസത്തിന്റെ മേല്‍തട്ടിലേക്കെത്താന്‍ കഴിയുന്നില്ല. കേരളത്തില്‍ നല്ല മാറ്റമുണ്ട്, എന്നാല്‍ ഹിന്ദി ബെല്‍റ്റുകളില്‍ ഇപ്പോഴും അവസ്ഥ ഇതുതന്നെയാണ്.

പശുസംബന്ധമായ ജോലികള്‍ അവര്‍ ചെയ്യുന്നതിന് ഒരു കാരണമിതാണ്. ആ ജോലികള്‍ പോലും ഓരോന്നായി ഇല്ലാതാക്കി റോഹിംഗ്യന്‍ മുസ്‌ലിംകളെപ്പോലെയാക്കി മാറ്റുന്നു. ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലേക്ക് നാടുകടത്തണം, പാകിസ്താനിലുള്ള ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ് കേസ് കൊടുത്തത് സംഗത് സിങ് ചൗഹാന്‍ എന്നയാളാണ്. ഇത്തരമൊരു കേസ് കൊടുക്കാനുള്ള ധാര്‍ഷ്ട്യം ഇയാള്‍ക്ക് എങ്ങനെ ഉണ്ടായി. വൈത്തിരിയില്‍ മാവോവാദി നേതാവ് സി പി ജലീലിനെ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിട്ടിയില്‍ പോസ്റ്റര്‍ പതിച്ചതിന് ലുഖ്മാന്‍ പള്ളിക്കണ്ടി എന്ന യുവാവിനെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ ശ്രമിച്ചതിനാണ്. ഇതാണോ ഇടതുപക്ഷം ചെയ്യേണ്ടതെന്നും അഡ്വ. മധുസൂദനന്‍ ചോദിച്ചു.


ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്രമത്തിന്റെ അനന്തരഫലം അക്രമികള്‍ക്കുതന്നെ ആയിരിക്കുമെന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ഖുര്‍ആനില്‍ പടച്ചവന്‍ ഏറ്റവും ശക്തമായി കല്‍പിച്ചിട്ടുള്ളതാണ് നീതിയും ന്യായവും. ഈ ലോകത്തുള്ള വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ദൈവികവിഷയങ്ങളിലും ആരാധനാകാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളും ഏകോപിച്ച് സംയുക്തമായി അറിയിക്കുന്ന ചില സന്ദേശങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമാണ് അക്രമം പാടില്ല എന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറം ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍, അബ്ദുല്‍ മജീദ് നദ്‌വി (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), ഹാഷിം പുളിക്കീല്‍ (ഫോറം ജനറല്‍ കണ്‍വീനര്‍), പി ഇ മുഹമ്മദ് സക്കീര്‍ (നൈനാര്‍പള്ളി ജമാഅത്ത് പ്രസിഡന്റ്), ഷഫീഖ് (മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡന്റ്), മുഹമ്മദ് ശരീഫ് (പുത്തന്‍പള്ളി ജമാഅത്ത് പ്രസിഡന്റ്), ബിഷറുല്‍ ഷാഫി എന്നിവര്‍ പങ്കെടുത്തു. 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തിയതിന് 14 വര്‍ഷത്തേക്ക് ശിക്ഷിച്ച റാസിക്കിന്റെയും ഷമ്മാസിന്റെയും കഴിഞ്ഞ 11 വര്‍ഷമായി വിചാരണത്തടവുകാരായി ഭോപാല്‍ ജയിലില്‍ കഴിയുന്ന ഷിബിലിയുടെയും ഷാദുലിയുടെയും മോചനം ആവശ്യപ്പെട്ടാണ് ഫോറം രൂപീകരിച്ച് ബഹുജനപ്രക്ഷോഭത്തിന് തുടക്കംകുറിച്ചത്.

Next Story

RELATED STORIES

Share it