Sub Lead

സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ഉടന്‍ ഡല്‍ഹിയിലെത്തും

സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്നലെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തിയിരുന്നു.

സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ഉടന്‍ ഡല്‍ഹിയിലെത്തും
X

പോളണ്ട്: സുമിയില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി തിരിച്ച രണ്ടു വ്യോമസേനാ വിമാനങ്ങള്‍ ഉടന്‍ ഡല്‍ഹിയിലെത്തും. സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്നലെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തിയിരുന്നു. 694 വിദ്യാര്‍ഥികള്‍ ആണ് പോളണ്ടിലെത്തിയത്. സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ക്കായി പോളണ്ട്, അതിര്‍ത്തിയില്‍ ബസ്സുകള്‍ എത്തിച്ചിരുന്നു. പോളണ്ട് പോലിസ് സേനയും സുരക്ഷയും ഒരുക്കി .

സുമിയിലടക്കം റഷ്യ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുദ്ധ ഭൂമിയില്‍ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാര്‍ഥികള്‍ക്ക് യുക്രെയ്‌നും സൗകര്യമൊരുക്കി. അവിടെ നിന്നുള്ള ട്രെയിനില്‍ കയറ്റിയ ശേഷം പാസ്‌പോര്‍ട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്.

രണ്ടാഴ്ചയായി സുമിയില്‍ കുടുങ്ങിക്കിടന്ന 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോള്‍ട്ടോവയില്‍ എത്തിച്ചു. ശേഷം പടിഞ്ഞാറന്‍ നഗരമായ ലവീവിലേക്ക് ട്രെയിനില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പോളണ്ട് അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെ യുക്രെയ്‌നിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

സുമിയില്‍ നിന്ന് മധ്യ യുക്രെയ്ന്‍ നഗരമായ പോള്‍ട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റര്‍ മാത്രമാണ്. സാധാരണയില്‍ മൂന്നര മണിക്കൂര്‍ ആണ് യാത്രയ്ക്കു വേണ്ടത്. എന്നാല്‍ യുദ്ധഭൂമിയിലൂടെയുള്ള സങ്കീര്‍ണ്ണ രക്ഷാ ദൗത്യത്തില്‍ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാര്‍ത്ഥികളെ പോള്‍ട്ടോവയില്‍ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലും കഴിഞ്ഞ വിദ്യാര്‍ഥികള്‍ പലരും നന്നേ ക്ഷീണിതര്‍ ആണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയില്‍ നിന്ന് രക്ഷപ്പെട്ട് പോള്‍ട്ടോവയില്‍ എത്തിയിരുന്നു. ഇന്നലേയും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളുടെ തുടര്‍ യാത്ര സുഗമമാക്കിയിരുന്നു. പ്രധാന നഗരങ്ങളില്‍ എല്ലാം വെടിനിര്‍ത്തുമെന്നും മാനുഷിക ഇടനാഴികളില്‍ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യന്‍ സൈനിക വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it