Top

'ഹാഗിയ സോഫിയ' മ്യൂസിയം ഇനി മസ്ജിദ്; ചരിത്രവിധിയില്‍ ഒപ്പുവച്ച് ഉര്‍ദുഗാന്‍

കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയയെ മസ്ജിദാക്കി പുനപ്പരിവര്‍ത്തനം ചെയ്തത്.

ആങ്കറ: ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ 'ഹാഗിയ സോഫിയ' മ്യൂസിയം ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയയെ മസ്ജിദാക്കി പുനപ്പരിവര്‍ത്തനം ചെയ്തത്.

1,500 വര്‍ഷം പഴക്കമുള്ള സ്മാരകത്തിന്റെ നിലവിലെ സ്ഥിതി മാറ്റരുതെന്ന അന്താരാഷ്ട്ര അഭ്യര്‍ഥനക്കിടെയാണ് ഇതുസംബന്ധിച്ച് ഉര്‍ദുഗാന്റെ പ്രഖ്യാപനം പുറത്തുവന്നത്. അയ സോഫിയ മസ്ജിദിന്റെ മാനേജ്‌മെന്റ്, മതകാര്യ ഡയറക്ടറേറ്റിന് കൈമാറാനും ആരാധനയ്ക്കായി തുറന്നു നല്‍കാനും തീരുമാനിച്ചതായി ഉര്‍ദുഗാന്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു. ക്രിസ്ത്യന്‍ ബൈസന്റൈന്‍, മുസ്‌ലിം ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ കേന്ദ്രബിന്ദുവായ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള കെട്ടിടം മസ്ജിദാക്കി മാറ്റുന്നതിനുള്ള ആലോചന നേരത്തേ തന്നെ ഉര്‍ദുഗാന്‍ മുന്നോട്ട് വച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകങ്ങളിലൊന്നാണിത്.

ബൈസന്റൈന്‍ കാലഘട്ടത്തിലെ നിര്‍മിതിയായ ഹാഗിയ സോഫിയയുടെ മ്യൂസിയം എന്ന പദവി തുര്‍ക്കിയിലെ ഉന്നത കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ആറാം നൂറ്റാണ്ടില്‍ പണിത കെട്ടിടം മ്യൂസിയമാക്കി മാറ്റിക്കൊണ്ടുള്ള 1934 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു കോടതിയുടെ ഈ ചരിത്രവിധി. ഇതൊരു മസ്ജിദായി പരിഗണിക്കാമെന്നും ഈ സ്വഭാവത്തിന് പുറത്തുള്ള ഉപയോഗം നിയമപരമായി സാധ്യമല്ലെന്നുമുള്ള നിഗമനത്തിലാണെന്ന് കോടതി എത്തിയത്.

1934 ലെ മന്ത്രിസഭാ തീരുമാനം ഒരു പള്ളി എന്ന നിലയിലുള്ള ഉപയോഗം അവസാനിപ്പിക്കുകയും മ്യൂസിയമായി നിര്‍വചിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.താന്‍ ഒപ്പിട്ട ഉത്തരവിന്റെ ഒരു പകര്‍പ്പ് ഉര്‍ദുഗാന്‍ തന്റെ ട്വിറ്റര്‍ ഫീഡില്‍ പങ്കുവെച്ചു.

ബൈസെന്റൈന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമന്‍ എ.ഡി 537ല്‍ നിര്‍മിച്ച, 'ഹാഗിയ സോഫിയ ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നിര്‍മിതി, 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെയാണ് മോസ്‌ക് ആയത്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ കമാല്‍ അത്താത്തുര്‍ക്ക് 1934ല്‍ പ്രസ്തുത നിര്‍മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ല്‍ യുനസ്‌ക്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഒട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിന്റെ 567ാം വാര്‍ഷികം ഹാഗിയ സോഫിയയ്ക്ക് ഉള്ളില്‍ ഖുര്‍ആന്‍ വായിച്ചുകൊണ്ടാണ് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടികള്‍. തുര്‍ക്കിയുടെ നീക്കത്തില്‍ അയല്‍ രാജ്യമായ ഗ്രീസും അമേരിക്കയും ആശങ്ക അറിയിച്ച് രംഗത്തെത്തിയിയിരുന്നു. ഹാഗിയ സോഫിയ ദൈവാലയം മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം എര്‍ദോഗന്‍ ആരംഭിച്ചതു മുതല്‍ തങ്ങള്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്‌കോയും വ്യക്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it