Kerala

തിരുവല്ല സ്പാ ബലാല്‍സംഗ കേസ്; ഒരു പ്രതി കൂടി പിടിയില്‍

തിരുവല്ല സ്പാ ബലാല്‍സംഗ കേസ്; ഒരു പ്രതി കൂടി പിടിയില്‍
X

പത്തനംതിട്ട: തിരുവല്ല സ്പാ ജീവനക്കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭാണ് പിടിയിലായത്. റാന്നിയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (ഫെബ്രുവരി 8) തിരുവല്ലയിലെ സ്പാ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കേസില്‍ നേരത്തെ മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. കാപ്പ കേസില്‍ ഉള്‍പ്പെട്ട മരണ സുബിന്‍ എന്ന സുബിന്‍ അലക്സാണ്ടറാണ് ഒന്നാം പ്രതി. കേസില്‍ ആറ് പ്രതികളാണുള്ളത്. ഇനി കിരണ്‍, സജിന്‍ എന്നീ പ്രതികളെയാണ് കണ്ടെത്താനുള്ളത്.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. നേരത്തെ പിടിയിലായ സുബിന്‍ അലക്സാണ്ടറിനെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നീക്കങ്ങളും തുടരുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ബലാല്‍സംഗ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചാലുടന്‍ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കും. കൊടും കുറ്റവാളിയായ ഇയാളെ അഴിക്കുള്ളില്‍ തന്നെ കിടത്താനാണ് പോലിസ് നീക്കം.

സ്പായിലേക്ക് അതിക്രമിച്ച് കയറിയാണ് സംഘം യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. സ്പായിലെത്തിയ സംഘം ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയായിരുന്നു. 50,000 രൂപ നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. ഇതോടെ മുറിക്കുള്ളിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ട് പോയ സംഘം കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. മാത്രമല്ല ബലാല്‍സംഗ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാക്കള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലുണ്ടായിരുന്ന 25,000 രൂപയും കൈക്കലാക്കിയാണ് സംഘം മടങ്ങിയത്.

സംഭവത്തിന് പിന്നാലെ എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസ് എതിരാളികള്‍ നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നും തന്റെ ജീവനക്കാരില്‍ ചിലര്‍ അതിന് കൂട്ടുനിന്നിട്ടുണ്ടെന്നും സ്പാ ഉടമയും പറഞ്ഞു. മാത്രമല്ല സംഭവത്തില്‍ മറ്റൊരു സ്പാ ജീവനക്കാരിയുടെ ഒത്താശയുണ്ടെന്നും അതിജീവിത പറഞ്ഞു. സഹപ്രവര്‍ത്തകയും അവരുടെ ആണ്‍സുഹൃത്തും കേസില്‍ പ്രതികളായേക്കാമെന്നും സൂചനയുണ്ട്.




Next Story

RELATED STORIES

Share it