Sub Lead

അധികാരം തുല്ല്യമായി പങ്കിടണമെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 102 സീറ്റുകള്‍ നേടി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 17 സീറ്റുകള്‍ അധികം നേടാന്‍ ഈ സഖ്യത്തിനായി.

അധികാരം തുല്ല്യമായി പങ്കിടണമെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി
X

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യത്തിന് നിറം മങ്ങിയ വിജയം. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ശിവസേനയുമായി ചേര്‍ന്ന് സഖ്യമായാണ് ബിജെപി മഹാരാഷ്ട്രയില്‍ മത്സരിച്ചതെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഒറ്റയ്ക്ക് നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.എന്നാല്‍, ഈ സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ 24 സീറ്റുകള്‍ കുറവാണ് ലഭിച്ചത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 102 സീറ്റുകള്‍ നേടി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 17 സീറ്റുകള്‍ അധികം നേടാന്‍ ഈ സഖ്യത്തിനായി.

അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അധികാരം തുല്ല്യമായി പങ്കിടണമെന്ന ആവശ്യവുമായി ശിവസേന മുന്നോട്ട് വന്നിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമായെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇത്തവണ ബിജെപിയുടെ അഭ്യര്‍ഥന മാനിച്ച് ശിവസേന 126 സീറ്റുകളില്‍ മാത്രമാണ് മല്‍സരിച്ചത്.

ബിജെപി 63 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 58 സീറ്റുമായി ശിവസേന തൊട്ടുപിറകിലുണ്ട്. അതേസമയം, 15 സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണ എന്‍ഡിഎയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ചുമതലപ്പെടുത്തി.


Next Story

RELATED STORIES

Share it