Sub Lead

കോന്നിയിലെ അപ്രതീക്ഷിത തോല്‍വി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക വികാരം. എന്നാല്‍, മുന്‍ എംഎല്‍എ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്നാണ് മറുചേരി ആരോപിക്കുന്നത്.

കോന്നിയിലെ അപ്രതീക്ഷിത തോല്‍വി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
X

തിരുവനന്തപുരം: കോന്നി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് പ്രാദേശിക വികാരം. എന്നാല്‍, മുന്‍ എംഎല്‍എ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്നാണ് മറുചേരി ആരോപിക്കുന്നത്.

മൈലപ്ര പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നേടാനായത്. ബാക്കിയുള്ള 10 പഞ്ചായത്തിലും എല്‍ഡിഎഫാണ് മികച്ച മുന്നേറ്റം നടത്തിയത്. യുഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോന്നി, തണ്ണിത്തോട്, പ്രമാടം, വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളില്‍ യുഡിഎഫിന് കാലിടറി. റോബിന്‍ പീറ്ററുടെ സ്വാധീന മേഖലയായ പ്രമാടത്തും വള്ളിക്കോടും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനും അടൂര്‍ പ്രകാശിനുമെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, 23 വര്‍ഷത്തിന് ശേഷം കോന്നി ചുവപ്പണിഞ്ഞതിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനെ പരാജയപ്പെടുത്തിയത്. ജനീഷ് കുമാര്‍ 54,099 വോട്ട് നേടിയപ്പോള്‍ മോഹന്‍രാജിന് 44,146 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 39,786 വോട്ടുകളാണ് ലഭിച്ചത്. കോന്നി മണ്ഡലത്തിലുടനീളം രാത്രി വൈകിയും ആഘോഷത്തിമിര്‍പ്പിലാണ് എല്‍ഡിഎഫ് അണികള്‍.

Next Story

RELATED STORIES

Share it