Sub Lead

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് മരുദത്ത് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മുല്‍ സാഹിറ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെയും കൊണ്ട് അപ്രത്യക്ഷമായിരുന്നു.

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
X

കാളികാവ്: അഞ്ചച്ചവിടി മൈലാടിയിലെ മധ്യവയസ്‌കന്റെ ദുരുഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ആക്ഷന്‍ കൗണ്‍സിലിന് ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് മരുദത്ത് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മുല്‍ സാഹിറ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെയും കൊണ്ട് അപ്രത്യക്ഷമായിരുന്നു.

മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കാളികാവ് പോലിസിന് പരാതി നല്‍കി. ഇതേതുടര്‍ന്ന്, സാധാരണ മരണമെന്ന നിലയില്‍ സംസ്‌കരിച്ച മൃതദേഹം സെപ്റ്റംബര്‍ 29ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം അകത്ത് ചെന്നതായി കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കാളികാവ് പോലിസ് റജിസ്റ്റര്‍ ചെയ്ത ക്രെം നമ്പര്‍ 112/18, 113/18 എന്നീ കേസ്സുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. നേരത്തെ കാളികാവ് പോലിസ് ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

മരിച്ച മുഹമ്മദലിയുടെ കൂട്ടുകാരനും കൊല്ലം ജില്ലക്കാരനുമായ യുവാവിന്റെ കൂടെയാണ് ഭാര്യ ഒളിച്ചോടിയതെന്നാണ് വിവരം.മുഹമ്മദലി മരിച്ച രാത്രിയില്‍ ഇയാള്‍ മുഹമ്മദലിയുടെ വീട്ടിലുണ്ടായിരുന്നു. രണ്ടു പേരും ചേര്‍ന്ന് മുഹമ്മദലിക്ക് വിഷം നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊല്ലം ജില്ലക്കാരന്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള ആളാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം നീളുന്നതിനെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

Next Story

RELATED STORIES

Share it