Sub Lead

സുരേഷ് ഗോപിയെ ഹീറോയാക്കി കേന്ദ്ര നേതൃത്വം; കേരള ബിജെപിയില്‍ അമര്‍ഷം പുകയുന്നു

സുരേഷ് ഗോപിയെ ഹീറോയാക്കി കേന്ദ്ര നേതൃത്വം; കേരള ബിജെപിയില്‍ അമര്‍ഷം പുകയുന്നു
X

പി സി അബ്ദുല്ല

കോഴിക്കോട്: സംസ്ഥാന നേതാക്കളെ പാടെ അവഗണിച്ച് സുരേഷ് ഗോപിയെ നേരിട്ട് ദൗത്യങ്ങള്‍ ഏല്‍പിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ കേരള ബിജെപിയില്‍ അമര്‍ഷം. കെ സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പ് കോഴ, കള്ളപ്പണ ആരോപണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അവഗണനക്കെതിരെ പരാതി പറയാന്‍ പോലുമാവാത്ത അവസ്ഥയിലാണ് കെ സുരേന്ദ്രനും കൂട്ടരും.

കേരള നേതൃത്വത്തോട് ആലോചിക്കാതെയും അറിയിക്കാതെയും പ്രധാന ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അമിത് ഷാ നേരിട്ട് സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. തൊടുപുഴയിലെ മുന്‍ അധ്യാപകന്‍ ടി ജെ ജോസഫിനെ ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ അംഗമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശയ വിനിമയം സുരേഷ് ഗോപിയെ ആണ് കേന്ദ്ര നേതൃത്വം ഏല്‍പിച്ചിരിക്കുന്നത്. കേരളത്തില്‍ വിവിധ ക്രൈസ്തവ സഭാ മേധാവികളുമായുള്ള കേന്ദ്ര നേതൃത്വത്തിന്റെ തുടര്‍ ചര്‍ച്ചകളുടെ ചുമതലയും സുരേഷ് ഗോപിക്കാണ്.

വിഭാഗീയത ശക്തമായ കേരള ബിജെപിയില്‍ സുരേഷ് ഗോപി ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. ദയനീയമായ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോഴ, കള്ളപ്പണ വിവാദങ്ങളിലും നിറംകെട്ട ബിജെപി സംസ്ഥാന നേതാക്കളേക്കാള്‍ അണികളില്‍ സ്വീകാര്യനും വിശ്വസ്ഥനും സുരേഷ് ഗോപിയാണെന്നാണ് കേന്ദ്ര നേതൃതത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ചര്‍ച്ചകളും നടന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റാവാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സുരേഷ് ഗോപിയുടെ താര പ്രഭ മുതലെടുക്കാമെന്ന കണക്കു കൂട്ടലിലാണ് ബിജെപി അദ്ദേഹത്തിന് രാജ്യസഭാംഗത്വമുള്‍പ്പെടെ നല്‍കിയത്. കേന്ദ്ര മന്ത്രിസഭയുടെ കഴിഞ്ഞ പുന സംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ആര്‍എസ്എസ് രാജീവ് ചന്ദ്ര ശേഖറിനായി കരു നീക്കിയപ്പോള്‍ സുരേഷ് ഗോപി തഴയപ്പെട്ടു. ലോക്‌സഭാ, നിയമ സഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയും സുരേഷ് ഗോപിക്ക് മാര്‍ഗ തടസ്സമായി. കേന്ദ മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ മോദി സര്‍ക്കാര്‍ നാളികേര വികസന ബോര്‍ഡംഗമാക്കിയത്.

അതേസമയം, താര പ്രഭയുടെ ഭാഗമായുള്ള മാധ്യമ ശ്രദ്ധക്കപ്പുറം സുരേഷ് ഗോപി പൊതു സ്വീകാര്യനല്ലെന്നാണ് ബിജെപി കേരള നേതാക്കളുടെ നിലപാട്. രാഷ്ട്രീയ മെയ് വഴക്കമറിയില്ലെന്നും ഭരത് ചന്ദ്രന്‍ എന്ന സിനിമാ കഥാപാത്രത്തിന്റെ ഹാങ് ഓാവറിലാണ് ഇപ്പോഴും സുരേഷ് ഗോപിയെന്നുമാണ് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആര്‍എസ്എസ് സഹയാത്രികനായ ഒരു നിരീക്ഷകന്‍ അടുത്തിടെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ മെയ് വഴക്കം സാധ്യമാകാത്തതിനാല്‍ സുരേഷ് ഗോപിക്ക് പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിക്കാനാവില്ലെന്ന വിമര്‍ശനവും കേരള ബിജെപി വൃത്തങ്ങളിലുണ്ട്. ബിജെപി നേതാക്കള്‍ 'നാര്‍കോട്ടിക് ജിഹാദ്' വിവാദം കത്തിക്കുന്നതിനിടെ വൃത്തികെട്ട പ്രയോഗമാണതെന്ന് തുറന്നടിച്ചതും അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതുമെല്ലാം സുരേഷ് ഗോപിക്കെതിരായ കേരള ബിജെപിയുടെ അമര്‍ഷത്തിന് ആക്കം കൂട്ടി.

Next Story

RELATED STORIES

Share it