Sub Lead

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6000 ഇന്ത്യക്കാര്‍; മൂന്നു ദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘം പുറപ്പെട്ടു. മലയാളികള്‍ അടക്കം നിരവധി പേരാണ് രാജ്യത്തേക്ക് പോരാനാകാതെ കുടുങ്ങിയത്.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 6000 ഇന്ത്യക്കാര്‍; മൂന്നു ദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപകമായി പടര്‍ന്നുപിടിച്ച ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. നാളെ മുതല്‍ മൂന്നു ദിവസം കൊണ്ട് പ്രത്യേക വിമാനത്തില്‍ ഇവരെ മുംബൈയിലെത്തിക്കും.ഇവരെ ക്വാറന്റൈന്‍ ചെയ്ത് പരിശോധനകള്‍ക്ക് വിധേയമാക്കി, രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും സ്വഭവനങ്ങളിലേക്ക് അയക്കുക.

ഇറാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിച്ച് വരികയാണ്. അടിയന്തര ഇടപെടലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ 6000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ 1100 പേര്‍ മഹരാഷ്ട്ര, ജമ്മു, കശ്മീര്‍ എന്നി മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 1000ല്‍ പരം മല്‍സ്യത്തൊഴിലാളികളും 300ല്‍ പരം വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, അതിനിടെ കൊറോണയെ നേരിടാന്‍ സാമ്പത്തിക സഹായം തേടി ഇറാന്‍ രാജ്യാന്തര നാണയനിധിയെ സമീപിച്ചു. അടിയന്തരമായി അഞ്ചു കോടി ഡോളര്‍ സഹായം അനുവദിക്കണമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഐഎംഎഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാനില്‍ പുതുതായി 63 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 354 ആയി ഉയര്‍ന്നു.

അതിനിടെ ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘം പുറപ്പെട്ടു. മലയാളികള്‍ അടക്കം നിരവധി പേരാണ് രാജ്യത്തേക്ക് പോരാനാകാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. കോവിഡ് രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാനാകില്ലെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടര്‍ന്നാണ് ഇന്ത്യാക്കാര്‍ കുടുങ്ങിയത്. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെട്ട് ഇവരെ മിലാനില്‍ താമസിപ്പിച്ച് വരികയാണ്.

ഇറ്റലിയില്‍ നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 196 പേരാണ് മരിച്ചത്. ഇതോടെ ഇവിടെ കൊറോണ മരണം 827 ആയി ഉയര്‍ന്നു.


Next Story

RELATED STORIES

Share it