എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; ജീവനക്കാരനെ നീക്കി

ഒന്നാംപരീക്ഷയായ മലയാളം, സംസ്‌കൃതം, അറബിക് ഉത്തരക്കടലാസുകളാണ് വഴിയാത്രികനു ലഭിച്ചത്

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; ജീവനക്കാരനെ നീക്കിഎസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ കായണ്ണ ജിഎച്ച്എസ്എസില്‍ എത്തിയപ്പോള്‍

കോഴിക്കോട്: ബുധനാഴ്ച നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കായണ്ണ ജിഎച്ച്എസ്എസില്‍ നിന്നു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിന്റെ കെട്ടുകളാണ് സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലില്‍ കണ്ടെത്തിയത്. തപാല്‍മാര്‍ഗം അയയ്ക്കാന്‍ വേണ്ടി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോവുന്നതിനിടെ വീണതാണെന്നാണ് നിഗമനം. ഒന്നാംപരീക്ഷയായ മലയാളം, സംസ്‌കൃതം, അറബിക് ഉത്തരക്കടലാസുകളാണ് വഴിയാത്രികനു ലഭിച്ചത്. വൈകീട്ട് നാലോടെ പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാല്‍ ഓഫിസിലെത്തിച്ച് അയയ്ക്കാന്‍ കൊണ്ടുപോയിരുന്നുവെന്നാണ് പറയുന്നത്. കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓഫിസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ പരീക്ഷാജോലികളില്‍നിന്ന് നീക്കം ചെയ്തു. ജീവനക്കാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതിനാലാണ് ഇദ്ദേഹത്തെ പരീക്ഷാജോലികളില്‍നിന്ന് മാറ്റിയതെന്ന് ഡിഡിഇ അറിയിച്ചു. തുടര്‍ നടപടി ഇന്നുണ്ടായേക്കും. അതേസമയം, ഉത്തക്കടലാസിന്റെ കെട്ടുകള്‍ സീല്‍ പൊട്ടിയിട്ടില്ലെന്നു ഡിഡിഇ അവകാശപ്പെട്ടു. പോലിസ് കാവലില്‍ സ്‌കൂളില്‍ത്തന്നെ സൂക്ഷിച്ചഉത്തരക്കടലാസുകള്‍ ഇന്ന് തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.

RELATED STORIES

Share it
Top