'ആസാദി' വിളിക്കുന്നത് രാജ്യദ്രോഹം; ഭീഷണിയുമായി യോഗി ആദിത്യനാഥ്

സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ വനിതകളുടെ നേതൃത്വത്തിലുള്ള റാലികള്‍ നടത്തുന്നതിനെയും യോഗി വിമര്‍ശിച്ചു

ലഖ്‌നോ: പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണില്‍നിന്ന് ഇന്ത്യയ്‌ക്കെതിരേ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ വനിതകളുടെ നേതൃത്വത്തിലുള്ള റാലികള്‍ നടത്തുന്നതിനെയും യോഗി വിമര്‍ശിച്ചു. അവര്‍ ഇപ്പോള്‍ ചെയ്തത് അവരുടെ സ്ത്രീകളെ റോഡുകളില്‍ ഇരുത്തുകയെന്നതാണ്. പുരുഷന്മാര്‍ വീടുകള്‍ക്കുള്ളില്‍ ഉറങ്ങുമ്പോള്‍ അവര്‍ സ്ത്രീകളെ മുന്നിലിറക്കുന്നുവെന്നത് എത്ര വലിയ കുറ്റമാണ്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടതുപാര്‍ട്ടികളും രാജ്യത്തിന്റെ ചെലവില്‍ രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ സിഎഎ എന്താണെന്ന് അറിയാത്ത സ്ത്രീകളെയാണ് അവര്‍ മുന്നില്‍ നിര്‍ത്തുന്നതെന്നും യോഗി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. നിയമം പാസ്സാക്കിയതു മുതല്‍ യോഗിയുടെ ഉത്തര്‍പ്രദേശിലെ ഷഹീന്‍ ബാഗില്‍ നൂറുകണക്കിനു സ്ത്രീകളാണ് ഒരുമാസത്തിലേറെയായി റോഡ് ഉപരോധിച്ച് സമരം നടത്തുന്നത്. ഷഹീന്‍ ബാഗ് മാതൃകയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് സമരങ്ങളിലെ സ്ത്രീ സാന്നിധ്യത്തെ പരിഹസിച്ചും ആസാദി മുദ്രാവാക്യം വിളിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.


RELATED STORIES

Share it
Top