സില്‍വര്‍ ലൈന്‍ സര്‍വേ: നോട്ടിസ് നല്‍കാതെ വീടുകളില്‍ കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി
ഈ പറയുന്ന ഭൂമി സഹകരണ ബാങ്കില്‍ പണയം വയ്ക്കാന്‍ അനുവദിക്കുമോയെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല? നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും? അതിനു മറുപടി വേണം.

കൊച്ചി: സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നതെന്ന് ഹൈക്കോടതി. കോടതി സര്‍ക്കാരിനെ പിന്തുണയ്ക്കാനാണു ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ കോടതിയെ എതിരായി കാണുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
സര്‍വേ തടയരുതെന്ന സുപ്രിംകോടതി ഉത്തരവ് ശരിയാണ്. രാജ്യമെട്ടാകെയുള്ള വികസന പ്രവര്‍ത്തനമെന്ന കാഴ്ചപ്പാടാണ് സുപ്രിംകോടതിയുടേത്. ഇക്കാര്യത്തില്‍ സങ്കുചിത കാഴ്ചപ്പാട് വേണ്ടെന്നാണ് കോടതിയുടെയും അഭിപ്രായം. സുപ്രിംകോടതി ഉത്തരവിന്റെ സാഹചര്യത്തില്‍ പദ്ധതിയില്‍ ഇടപെടാനാവില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വേ എന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. ഇടുന്ന കല്ലുകള്‍ സ്ഥിരമാണോയെന്ന കാര്യത്തില്‍ വ്യക്തത വേണം. കോടതി എന്നും ദുര്‍ബലര്‍ക്കൊപ്പമാണ്. കോടതി ഉത്തരവിനെ സര്‍ക്കാര്‍ ഉത്തരവ് വഴി മറികടക്കാന്‍ ശ്രമിക്കരുത്. നിയമപരമായി സര്‍വേ നടത്തണമെന്നും കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നുമാണ് കോടതി ആഗ്രഹിക്കുന്നത്. നിയമപരമായി സര്‍ക്കാരിന് എന്തും ചെയ്യാം.
സര്‍വേ മുമ്പോട്ടു പോകട്ടെ. എന്ത് സംഭവിക്കുമെന്നു നോക്കാം. സുപ്രിംകോടതി പറയുന്ന മാനദണ്ഡങ്ങളാണല്ലോ പിന്തുടരേണ്ടത്. സര്‍വേ സാമൂഹികാഘാത പഠനത്തിനുവേണ്ടി മാത്രമാണെന്നാണു സര്‍ക്കാരും സുപ്രിംകോടതിയും പറയുന്നത്. സാമൂഹികാഘാത പഠനത്തിനു ശേഷം കല്ലുകള്‍ പറിക്കുമോ? പഠനത്തിനു ശേഷം വീണ്ടും സര്‍വേ നടപടികള്‍ ഉണ്ടാവുമല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ ആശങ്കകള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ പറയുന്ന ഭൂമി സഹകരണ ബാങ്കില്‍ പണയം വയ്ക്കാന്‍ അനുവദിക്കുമോയെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല? നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും? അതിനു മറുപടി വേണം. ആളുകളുടെ വീട്ടില്‍ ഒരു ദിവസം കയറി കല്ലിട്ടാല്‍ അവര്‍ ഭയന്നുപോകില്ലേ?
കോടതി പരാമര്‍ശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അങ്ങനെ ഒരു ആരോപണം ഹരജിയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. ഹരജിക്കു പുറത്തുള്ള കാര്യങ്ങളില്‍ മുപടി പറയാനാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടനാ കോടതിയാണന്നും കോടതിക്ക് എതുവിഷയത്തിലും ചോദ്യങ്ങള്‍ ആവാമെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍വേയുടെ ഒരു ഘട്ടത്തിലും തടസപ്പെടുത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ചവരുടെ കാര്യത്തില്‍ മാത്രമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കോടതി പറഞ്ഞു. ഹരജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടതി നടപടികള്‍ക്കു മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നത് കെ റെയില്‍ സര്‍വേയെ ബാധിക്കുന്നതായും സര്‍ക്കാര്‍ വിശദീകരിച്ചൂ. കേസ് ഏപ്രില്‍ ആറിനു പരിഗണിക്കാനായി മാറ്റി.
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT