Sub Lead

രാഷ്ട്രീയം വിട്ട് ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക്

ട്വിറ്ററിലെ തന്റെ വ്യക്തിഗത വിവരങ്ങളില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസം തിരുത്തിയ ഷാ ഫൈസല്‍ പാര്‍ട്ടി വിടുന്നതിന്റെ സൂചന നല്‍കിയിരുന്നു.

രാഷ്ട്രീയം വിട്ട് ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക്
X

ശ്രീനഗര്‍: മുന്‍ ഐഎഎസ് ഓഫിസര്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെകെപിഎം) അധ്യക്ഷ സ്ഥാനം രാജിവെച്ചു. ട്വിറ്ററിലെ തന്റെ വ്യക്തിഗത വിവരങ്ങളില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസം തിരുത്തിയ ഷാ ഫൈസല്‍ പാര്‍ട്ടി വിടുന്നതിന്റെ സൂചന നല്‍കിയിരുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ ആവശ്യപ്പെട്ടതായി ജെകെപിഎം പ്രസ്താവനയില്‍ അറിയിച്ചു.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജെകെപിഎമ്മിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഷായുടെ രാജി സ്വീകരിക്കുകയും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ വൈസ് പ്രസിഡന്റ് ഫിറോസ് പീര്‍സാദയെ ഇടക്കാല പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും ജെകെപിഎം പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ എംഎല്‍എ ചെയര്‍മാന്‍ ജാവേദ് മുസ്ഫ മീറിന്റെ രാജിയും പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്.

അതേസമയം, ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്‌ലിംകളോടുള്ള വിവേചനം തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരേയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ തടങ്കലിലായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

Next Story

RELATED STORIES

Share it