Sub Lead

പോസ്റ്ററിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം: വിദ്യാര്‍ഥികളെ ചോദ്യം ചെയ്യല്‍ തുടരുന്നു; സാമൂഹിക മാധ്യമത്തിലെ ഇടപെടല്‍ പരിശോധിക്കും

പോലിസിന് പുറമെ, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായാണ് റിപോര്‍ട്ട്. ഇരുവരുടേയും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും പോലിസ് പരിശാധിച്ചു വരികയാണെന്ന് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പോസ്റ്ററിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം:  വിദ്യാര്‍ഥികളെ ചോദ്യം ചെയ്യല്‍ തുടരുന്നു;  സാമൂഹിക മാധ്യമത്തിലെ ഇടപെടല്‍ പരിശോധിക്കും
X

മലപ്പുറം: ഗവണ്‍മെന്റ് കോളജ് കാംപസില്‍ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വിവിധ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു.

പോലിസിന് പുറമെ, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായാണ് റിപോര്‍ട്ട്. ഇരുവരുടേയും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും പോലിസ് പരിശാധിച്ചു വരികയാണെന്ന് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കശ്മീരിന്റെ വിമോചനം ആവശ്യപ്പെട്ട് കോളജ് കാംപസില്‍ പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചാണ് മലപ്പുറം ഗവണ്‍മെന്റ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത്.

ഇരുവരും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തകരാണ്. കാംപസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച്ചയാണ് പോലിസ് കേസെടുത്തത്.

കശ്മീര്‍, മണിപ്പൂര്‍, ഫലസ്തീന്‍ എന്നിവയ്ക്ക് സ്വാതന്ത്ര്യം, കശ്മീരി ജനതയ്ക്ക് ഐക്യദാര്‍ഢ്യം, രക്തച്ചൊരിച്ചിലും അടിച്ചമര്‍ത്തലും അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കാംപസില്‍ പതിച്ച പോസ്റ്ററുകളിലെ ഉള്ളടക്കം. ഇവ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന് അവകാശപ്പെട്ടാണ് മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് മലപ്പുറം പോലിസ് കേസെടുത്തത്.

ഇരുവര്‍ക്കും മാവോവാദ, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് പോലിസ് അവകാശപ്പെട്ടു. ഇന്നലെ മലപ്പുറം സിജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Next Story

RELATED STORIES

Share it