Sub Lead

മതാടിസ്ഥാനത്തില്‍ പൗരത്വം: മോദി സര്‍ക്കാരിന് താക്കീതായി സംസ്ഥാനത്ത് എസ്ഡിപിഐ പ്രതിഷേധം

രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ബില്‍ കത്തിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കണമെന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമാനുസരിച്ചായിരുന്നു പ്രതിഷേധം.

മതാടിസ്ഥാനത്തില്‍ പൗരത്വം: മോദി സര്‍ക്കാരിന് താക്കീതായി സംസ്ഥാനത്ത് എസ്ഡിപിഐ പ്രതിഷേധം
X

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരേ സംസ്ഥാനത്ത് വ്യാപകപ്രതിഷേധവുമായി എസ്ഡിപിഐ. മോദി സര്‍ക്കാരിന് കനത്ത താക്കീതുമായി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബില്‍ കത്തിച്ചു. മതത്തിന്റെ പേരില്‍ പൗരത്വം ഒരുവിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ ബില്‍ ബഹിഷ്‌കരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ബില്ലിന് ലോക്‌സഭയില്‍ അവതരണാനുമതി നേടിയപ്പോള്‍തന്നെ രജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ബില്‍ കത്തിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കണമെന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമാനുസരിച്ചായിരുന്നു പ്രതിഷേധം. മോദി സര്‍ക്കാരിന്റെ വംശവെറിയാണ് ഈ ബില്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്തുന്നതിന് മതേതര ജനാധിപത്യവിഭാഗങ്ങള്‍ ഐക്യപ്പെട്ടുകൊണ്ടുള്ള ശക്തമായ എതിര്‍പ്പ് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അയല്‍രാജ്യങ്ങളില്‍നിന്ന് കുടിയേറുന്ന ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനും അതേസമയം മുസ്‌ലിംകളെ ഒഴിവാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വംശീയവിദ്വേഷം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷവും, മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദികളില്‍നിന്ന് ആക്രമണങ്ങള്‍ നേരിട്ട് പ്രാണരക്ഷാര്‍ഥം കടലിലും കരയിലും അലയുന്ന ജനവിഭാഗങ്ങളോട് പോലും ദയതോന്നാത്തവരാണ് ഇതരവിഭാഗങ്ങള്‍ക്ക് അനധികൃതമായി പൗരത്വം നല്‍കാന്‍ തിടുക്കം കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it