Sub Lead

പിന്നാക്ക ഐക്യത്തിന് തുരങ്കംവയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം: പി അബ്ദുല്‍ മജീദ് ഫൈസി

പിന്നാക്ക ഐക്യത്തിന് തുരങ്കംവയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം: പി അബ്ദുല്‍ മജീദ് ഫൈസി
X

ചങ്ങനാശ്ശേരി: പിന്നാക്ക ഐക്യത്തിന് തുരങ്കം വയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക, അധഃസ്ഥ വിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്ന ബിജെപി അജണ്ടയില്‍ വീണ് പോകാതിരിക്കാന്‍ പിന്നാക്ക, ന്യൂന പക്ഷ സമുദായ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണം. ബ്രിട്ടീഷുകാര്‍ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രമാണ് സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തെ ഭരണകര്‍ത്താക്കളും ഫാഷിസ്റ്റുകളും തുടരുന്നത്. ശ്രീരാമനെ മുന്‍നിര്‍ത്തിയുള്ള പ്രസ്ഥാനങ്ങളും അക്രമങ്ങളും അതിന്റെ ഭാഗമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ബാബാ സാഹബ് അംബേദ്കറുടെ പരിനിര്‍വാണ ദിനം തിരഞ്ഞെടുത്തതില്‍ പോലും ദുരുദ്ദേശമുണ്ട്. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങള്‍ രാജ്യത്ത് അന്യവല്‍ക്കരണം നേരിട്ട് കൊണ്ടിരിക്കുന്നു. ദലിത് സ്വത്വത്തെ സംഘപരിവാര്‍ തന്ത്രപൂര്‍വം തകര്‍ത്തുകൊണ്ടിരിക്കുന്നു. സിഎഎ, ഏക സിവില്‍ കോഡ്, മത പരിവര്‍ത്തന നിരോധന നിയമം തുടങ്ങിയവ മുസ് ലിംകളേയും ക്രിസ്ത്യാനികളേയും അന്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ്. മന്‍ കീ ബാത്തില്‍ വന്യജീവി സംരക്ഷണത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന മോദി മണിപ്പൂരിലെ ക്രിസ്ത്യന്‍ സഹോദരങ്ങളെ കുറിച്ചോ ഹല്‍ദാനില്‍ വെടിയേറ്റ് മരിച്ച മുസ് ലിം സഹോദരങ്ങളെ കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല. സമീപകാലത്ത് ഛത്തീസ്ഗഢില്‍ നിയമമാക്കിയ മതംമാറ്റ നിരോധന നിയമം ക്രിസ്ത്യന്‍ മിഷനറിമാരെ ലക്ഷ്യംവച്ചുള്ളതാണ്. ഇഷ്ടമുള്ള മത വിശ്വാസം വച്ച് പുലര്‍ത്താനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീകരമായ കൈയേറ്റമാണിത്. എന്നിട്ടും അതിനെതിരേ ശക്തമായ പ്രതിഷേധം സാമ്പ്രദായിക രാഷ്ടീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇരകളും നിശബ്ദമാണ്. കേസും ജയിലും കേന്ദ്ര എജന്‍സികളെയും ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുമ്പോള്‍ വര്‍ധിത വീര്യത്തോടെ ഉണര്‍ന്നെണീക്കേണ്ടത്തുണ്ട്. ഇവിടെയാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ടീയ സന്ദേശം പ്രസക്തമാവുന്നത്. മോദിയുടെ വികസനം വെറും വായ്ത്താരി മാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച എയിംസ് ഉദ്ഘാടനം ചെയ്ത് മോദി പരിഹാസ്യനായിരിക്കുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെയും കാര്‍ പാര്‍ക്കിങ്ങിന്റെയും ഉദ്ഘാടനം റെയില്‍വെ മന്ത്രിയെ അപ്രസക്തനാക്കി മോദി നടത്തുന്നു. ഗ്രാമങ്ങളിലെ ജീവിത ചെലവ് വര്‍ധിക്കുന്നു എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ വ്യക്തമാക്കുന്നത്. വികസിത ഭാരതം എന്ന മോദിയുടെ വാഗ്ദാനം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ഇനിയും 2047 വരെ കാത്തിരിക്കുവാനാണ് ഇപ്പോള്‍ മോദി പറയുന്നതെന്നും പി അബ്ദുല്‍ മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാക്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീര്‍ സംസാരിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ റോയ് അറയ്ക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഏറ്റുമാനൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ചങ്ങനാശ്ശേരിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കാരിത്താസ് ജങ്ഷന്‍, അടിച്ചിറ, സംക്രാന്തി, കുമാരനല്ലൂര്‍, കോട്ടയം ടൗണ്‍, ചിങ്ങവനം, കുറിച്ചി വഴി എസ്ബി കോളജിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പെരുന്ന ബസ് സ്റ്റാന്റിലേക്ക് ആനയിച്ചത്.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച യാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് മണ്ണഞ്ചേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് വളഞ്ഞവഴിയില്‍ സമാപിക്കും.

Next Story

RELATED STORIES

Share it