Sub Lead

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യ ഹരജില്‍ സുപ്രിം കോടതി ഇന്നു വിധി പറയും

കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യ ഹരജില്‍ സുപ്രിം കോടതി ഇന്നു വിധി പറയും
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് നവംബര്‍ 28ന് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

വാദത്തിനിടെ, 74 കാരനായ മുന്‍ ധനമന്ത്രി കസ്റ്റഡിയില്‍ നിന്ന് പോലും കേസിലെ നിര്‍ണായക സാക്ഷികളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നത് തുടരുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രിം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ അദ്ദേഹത്തിന്റെ കരിയറും പ്രശസ്തിയും നശിപ്പിക്കാനാവില്ലെന്ന് ചിദംബരം വ്യക്തമാക്കി.

ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷയെ എതിര്‍ത്തു.കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.

ചിദംബരത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും എ എം സിംഗ്‌വിയും ഹാജരായി. ഇഡി ആരോപിച്ച കുറ്റവുമായി ചിദംബരത്തിനെ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിച്ചെന്നതിനും തെളിവുകളില്ലെന്നു അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ഓഗസ്റ്റ് 21നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2007 ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് നല്‍കിയ എഫ്‌ഐപിബി ക്ലിയറന്‍സില്‍ ക്രമക്കേട് ആരോപിച്ച് സിബിഐ 2017 മെയ് 15നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇഡി പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തു.




Next Story

RELATED STORIES

Share it