Sub Lead

ഒത്തുകളി വിവാദം: ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലെന്ന് സുപ്രിംകോടതി

വാതുവെപ്പുകേസില്‍ ബിസിസിഐ ആജീവനന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ ശ്രീശാന്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്

ഒത്തുകളി വിവാദം:  ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലായിരുന്നുവെന്ന് സുപ്രിംകോടതി. വാതുവെപ്പുകേസില്‍ ബിസിസിഐ ആജീവനന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ ശ്രീശാന്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്.മുതിര്‍ന്ന അഭിഭാഷകനായ സല്‍മാന്‍ ഖുര്‍ഷിദ് ആണ് ശ്രീശാന്തിനു വേണ്ടി ഹാജരായത്.

ഒത്തുകളിയേക്കുറിച്ചുള്ള വിവരങ്ങള്‍ ബിസിസിഐയെ അറിയിക്കാതിരുന്നതെന്ന് എന്തു കൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഒത്തുകളിയേപ്പറ്റി പറയുന്ന ഫോണ്‍സംഭാഷണങ്ങള്‍ പരാമര്‍ശിച്ചാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഒത്തുകളിയേക്കുറിച്ച് വിവരമുണ്ടായിട്ടും അത് ബിസിസിഐയെ അറിയിക്കാതിരുന്നതിനാണ് വിലക്കെങ്കില്‍ അത് പരമാവധി അഞ്ചുവര്‍ഷത്തേക്ക് മാത്രമേ പാടുള്ളുവെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. ഇതിനിടെയാണ് ശ്രീശാന്തിന്റെ പെരുമാറ്റം ഇക്കാര്യത്തില്‍ അത്ര നല്ലതല്ലായിരുന്നുവെന്നും അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും കോടതിയുടെ ഭാഗത്തുനിന്ന് പരാമര്‍ശമുണ്ടായത്.ശ്രീശാന്ത് ഒത്തുകളിച്ചിട്ടില്ല എന്നത് വ്യക്തമാണെന്നും ഖുര്‍ഷിദ് വാദിച്ചു. വിലക്ക് കാരണം തന്റെ കരിയര്‍ പാഴായി പോവുകയാണെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള ടീമുകളില്‍ കളിക്കാനെങ്കിലും അനുവദിക്കണമെന്നും ശ്രീശാന്ത് കോടതിയോട് ആവശ്യപ്പെട്ടു.

നിലവിലില്ലാത്ത കേസിന്റെ പേരിലാണ് തനിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു. ഒത്തുകളിക്ക് വേണ്ടി 10 ലക്ഷം രൂപ കൈപ്പറ്റി എന്നതിന് യാതൊരു തെളിവുമില്ലെന്നും ശ്രീശാന്ത് വാദിച്ചു. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ ബിസിസിഐയുടെയും ശ്രീശാന്തിന്റെയും അഭിഭാഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഫെബ്രുവരി 20ന് കേസ് വീണ്ടും പരിഗണിക്കും. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ ബിസിസിഐ വിലക്കിയത്.

Next Story

RELATED STORIES

Share it