Sub Lead

ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍ അകത്ത്

ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍ അകത്ത്
X
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ രണ്ട് പഠന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ ഗാന്ധിജി പുറത്തും സവര്‍ക്കര്‍ അകത്തും. ഇന്ത്യാ വിഭജനത്തെക്കുറിച്ചും 'ഹിന്ദു പഠനങ്ങളെക്കുറിച്ചും' ഹിന്ദുത്വ ഐക്കണ്‍ വി ഡി സവര്‍ക്കറെ കുറിച്ചുള്ള പ്രബന്ധത്തിനുമാണ് അനുമതി നല്‍കിയത്. ബിരുദ വിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിലാണ് മാറ്റം.

എന്‍ഡിഎ ഗവണ്‍മെന്റിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി സര്‍വകലാശാല കാവിവല്‍ക്കരണം നടത്തുകയണെന്ന് ഒരു മുതിര്‍ന്ന അക്കാദമിക് കുറ്റപ്പെടുത്തി. പുതിയ പഠന കേന്ദ്രങ്ങള്‍ ബിജെപിയുടെ വിഭജന അജണ്ട മുന്നോട്ട് കൊണ്ടുപോവാന്‍ 'അടിസ്ഥാനരഹിതവും' 'വിഷകരമായ' വസ്തുക്കള്‍ സൃഷ്ടിക്കുകയും നിയമാനുസൃതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ആശങ്കയറിയിച്ചു. സെന്റര്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ആന്റ് പാര്‍ട്ടീഷന്‍ സ്റ്റഡീസിനും സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിനുമണ് വെള്ളിയാഴ്ച അംഗീകാരം ലഭിച്ചത്.

പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് കോഴ്‌സിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ ആറാം സെമസ്റ്ററില്‍ സവര്‍ക്കറുടെ ജീവിതത്തെയും ചിന്തകളെയും കുറിച്ചുള്ള പേപ്പര്‍ നിര്‍ബന്ധമായും പഠിക്കണമെന്നും അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. നേരത്തേ ത്രിവത്സര കോഴ്‌സിന്റെ ഭാഗമായിരുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ചിന്തകളെയും കുറിച്ചുള്ള പേപ്പര്‍ നിലവിലെ നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഏഴാം സെമസ്റ്ററിലേക്ക് മാറ്റുകയും ചെയ്തു.

സവര്‍ക്കറിന് മുമ്പ് ഗാന്ധിയെ നാലാം സെമസ്റ്ററില്‍ പഠിപ്പിക്കണമെന്ന് അംഗങ്ങളില്‍ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് ഇക്കാര്യം നിരസിച്ചതായി അക്കാദമിക് കൗണ്‍സില്‍ അംഗം ചന്ദ്ര മോഹന്‍ നേഗി പറഞ്ഞു. സവര്‍ക്കര്‍ മുമ്പ് ബിരുദ സിലബസിന്റെ ഭാഗമായിട്ടില്ല. പുതിയ പേപ്പറിന്റെ തലക്കെട്ട് അദ്ദേഹത്തെ 'വീര്‍ സവര്‍ക്കര്‍' എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎയുടെ സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസില്‍ ജാതി വ്യവസ്ഥയെ ഉള്‍ക്കൊള്ളുന്ന, ബുദ്ധമതത്തെയും സിഖ് മതത്തെയും ഹിന്ദുമതത്തിന്റെ ശാഖകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കോഴ്‌സ് അവതരിപ്പിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്ര സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് 2021ല്‍ ആദ്യമായി ഈ കോഴ്‌സ് ആരംഭിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും വഹിച്ച പങ്കിനെ ഔദ്യോഗിക ചരിത്രം പെരുപ്പിച്ചു കാണിക്കുന്നുവെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. വിഭജനത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും കേന്ദ്രം പഠിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it