Sub Lead

അരാംകോ ഡ്രോണ്‍ ആക്രമണം: സൗദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സേനയെ അയക്കും

അരാംകോ ഡ്രോണ്‍ ആക്രമണം: സൗദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സേനയെ അയക്കും
X

വാഷിങ്ടണ്‍: അരാംകോ എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയക്കാന്‍ അമേരിക്കയുടെ തീരുമാനം. ഹൂഥികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പിന്നില്‍ ഇറാനാണെന്നു സൗദിയും അമേരിക്കയും ശക്തമായി വാദിക്കുന്നതിനിടെയാണ് യുദ്ധഭീതി കൂടുതല്‍ ശക്തമാക്കി അമേരിക്കയുടെ തീരുമാനം. സൗദി അറേബ്യയിലെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണു കൂടുതല്‍ സൈന്യ അയക്കുന്നതെന്നാണു യുഎസിന്റെ പ്രഖ്യാപനം. കോടികള്‍ മുടക്കി സൗദിയില്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഹൂഥികള്‍ പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെയാണ് പ്രതിരോധ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സേനയെ എത്തിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചത്. സൗദി അറേബ്യ ആവശ്യപ്പെട്ടതനുസരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കിയതായാണു റിപോര്‍ട്ട്. ആവശ്യമായ സൈനിക ഉപകരണങ്ങളും സൗദിയിലും യുഎഇയിലും എത്തിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, പോര്‍ വിമാനങ്ങള്‍ എന്നിവ എത്തിക്കുമെന്നാണു റിപോര്‍ട്ട്. ഇതോടൊപ്പം ഒരു വിമാനവാഹിനിക്കപ്പല്‍ സജ്ജീകരിക്കാനും ആലോചയുള്ളതായാണു വിവരം. വീണ്ടുമൊരു യുദ്ധത്തിനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അതേസമയം, കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള യുഎസിന്റെ നീക്കം ഇറാന്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്.

നേരത്തേ, അത്യാധുനിക സാങ്കേതികമികവുള്ള പ്രതിരോധ സംവിധാനങ്ങളാണ് യെമനിലെ ഹൂഥികളെ പ്രതിരോധിക്കാന്‍ അമേരിക്ക സൗദിക്ക് നല്‍കിയതെന്നായിരുന്നു വാദം. എന്നാല്‍ സൗദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എണ്ണപ്പാടങ്ങള്‍ക്കു നേരെ ഇക്കഴിഞ്ഞ 14നുണ്ടായ ആക്രമണം സൗദിക്കെന്ന പോലെ അമേരിക്കയ്ക്കും കനത്ത തിരിച്ചടിയായി. അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളില്‍ സംശയമുയര്‍ന്നതിനു പുറമെ എണ്ണ വിപണിയില്‍ കനത്ത ആഘാതമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയാവട്ടെ, ഇറാനാണു പിന്നിലെന്ന് ഊന്നിപ്പറയുമ്പോഴും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ പാളിയത് ഗൗരവത്തോടെയാണ് കാണുന്നത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൗദിയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതെന്നാണു സൂചന.



Next Story

RELATED STORIES

Share it