Sub Lead

മല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി

മല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: മല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി ആവശ്യപ്പെട്ടു. പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് എട്ടുമാസത്തോളമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല. 2022നു ശേഷം വിവാഹ ധനസഹായം, ചികില്‍സാ സഹായം, മക്കളുടെ വിദ്യാഭ്യാസ ധന സഹായം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മല്‍സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 1350 രൂപ ലഭിച്ചിരുന്ന തണല്‍ പദ്ധതിയും നിലച്ചിട്ട് മൂന്ന് വര്‍ഷമായി. ജോലിക്കിടെ അപകടത്തില്‍ പെടുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നാലുവര്‍ഷമായി തടഞ്ഞു വച്ചിരിക്കുകയാണ്. തണുപ്പോ വെയിലോ വകവയ്ക്കാതെ കോരിച്ചൊരിയുന്ന പെരുമഴക്കാലത്ത് പോലും ജീവിത പ്രതിസന്ധിയെ മറികടക്കാന്‍ അധ്വാനം ശീലമാക്കിയ കടലിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ഉടന്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയകാലത്ത് മല്‍സ്യത്തൊഴിലാളികള്‍ ഒരുപാട് ജീവനുകള്‍ രക്ഷിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ സൈന്യം എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്. മല്‍സ്യത്തൊഴിലാളികളോട് സ്‌നേഹമുണ്ടെങ്കില്‍ അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ എല്ലാ അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി കൈത്താങ്ങാവുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനം അധികാരത്തിലിരുന്നിട്ട് പോലും മല്‍സ്യത്തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സിപിഎം വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it