Sub Lead

കൊലക്കളമായി ഈജിപ്ഷ്യന്‍ ജയിലുകള്‍

ഈ വര്‍ഷം മാത്രം 32 തടവുകാര്‍ ഈജിപ്ഷ്യന്‍ ജയിലുകളില്‍ മരണത്തിന് കീഴടങ്ങിയതായാണ് മനുഷ്യാവകാശ സംഘടനയായ യുകെയിലെ അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എഒഎച്ച്ആര്‍) റിപോര്‍ട്ട് ചെയ്യുന്നത്.

കൊലക്കളമായി ഈജിപ്ഷ്യന്‍ ജയിലുകള്‍
X

കൈറോ: രാഷ്ട്രീയ തടവുകാരുടെ കൊലക്കളമായി ഈജിപ്ഷ്യന്‍ ജയിലുകള്‍ മാറിയതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഈ വര്‍ഷം മാത്രം 32 തടവുകാര്‍ ഈജിപ്ഷ്യന്‍ ജയിലുകളില്‍ മരണത്തിന് കീഴടങ്ങിയതായാണ് മനുഷ്യാവകാശ സംഘടനയായ യുകെയിലെ അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എഒഎച്ച്ആര്‍) റിപോര്‍ട്ട് ചെയ്യുന്നത്.

കടുത്ത നിയമലംഘനങ്ങള്‍ക്ക് വിധേയമായി ജയിലില്‍ മരിക്കുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മനപ്പൂര്‍വ്വം ചികില്‍സ നല്‍കാത്തതും ദയനീയമായ തടങ്കല്‍ സാഹചര്യങ്ങളുമാണ് പലരേയും മരണത്തിലേക്ക് നയിച്ചതെന്ന് സംഘടന വ്യക്തമാക്കി.

വാദി അല്‍തത്രൂന്‍ ജയിലിലെ ജയില്‍ സെല്ലില്‍ ഹൃദയാഘാതം ഉണ്ടായ ഹസന്‍ അബ്ദുല്ല ഹസന്റെ മരണം എഒഎച്ച്ആര്‍ ഉദാഹരണമായി ഉദ്ധരിക്കുന്നു. 63 കാരനായ ഹസന്‍ സൂയസ് പ്രവിശ്യയില്‍ നിന്നുള്ള രാഷ്ട്രീയ തടവുകാരനാണ്. ഇദ്ദേഹത്തെ ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പെ മരണം സംഭവിച്ചിരുന്നു. എന്നാല്‍, കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അദ്ദേഹം നല്ല ആരോഗ്യവാനായിരുന്നുവെന്ന് കുടുംബം ഉറപ്പിച്ചു.

കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളായി രാഷ്ട്രീയ തടവുകാരന്‍ ഷാബാന്‍ ഫൗദും തിങ്കളാഴ്ച ഷ്‌ബെയിന്‍ അല്‍കോം ജയിലിലെ സെല്ലിനുള്ളില്‍ മരിച്ചിരുന്നു. മൊനൂഫിയ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു ഫൗദ്. ജനുവരി 8 ന് ഉള്‍പ്പെടെ നിരവധി തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റില്‍ മാത്രം ആറ് തടവുകാര്‍ വിവിധ ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും മരിച്ചതായി മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ മരിക്കുന്നത് വര്‍ധിക്കുമ്പോഴും, ഈജിപ്ഷ്യന്‍ അധികൃതര്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയെ ജയില്‍ സാഹചര്യം പരിശോധിക്കാന്‍ അനുവദിക്കുന്നില്ല. ആരോഗ്യ പരിചരണത്തില്‍ ഉപേക്ഷ വരുത്തുന്നതിനാല്‍ തടവുകാര്‍ വലിയ പ്രയാസമാണ് നേരിടുന്നത്.

Next Story

RELATED STORIES

Share it