Sub Lead

മാലിന്യ പ്രശ്‌നം ഗുരുതരം: അച്ചാറ് മുതലാളിക്കു മുന്‍പില്‍ മുട്ടിലിഴഞ്ഞ് തഹസില്‍ദാറും ഉദ്യോഗസ്ഥരും

റാണി അച്ചാറു കമ്പനിക്കും കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരേ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ പോലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. സ്ഥാപനത്തിനെതിരേ ശക്തമായ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അസി. കലക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം നാടുകടത്തുന്നതായും ആക്ഷേപമുണ്ട്.

മാലിന്യ പ്രശ്‌നം ഗുരുതരം: അച്ചാറ് മുതലാളിക്കു മുന്‍പില്‍ മുട്ടിലിഴഞ്ഞ് തഹസില്‍ദാറും ഉദ്യോഗസ്ഥരും
X

പിസി അബ്ദുല്ല

വടകര: ചേറോട് ചേന്ദമംഗലത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്‌നം പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായി തുടരുമ്പോഴും തഹസില്‍ദാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റകരമായ അലംഭാവത്തില്‍.

ചോറോട് റാണി കമ്പനിയില്‍ നിന്നുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരേ പ്രദേശ വാസികള്‍ ഒരു വര്‍ഷത്തിലേറെയായി പ്രക്ഷോഭത്തിലാണ്.

അച്ചാറു കമ്പനിയിലേയും സ്‌കൂളിലേയും അനുബന്ധ സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യമടക്കം പൊതുജലാശയങ്ങളിലേക്ക് പുറന്തള്ളുന്നുവെന്നാണ് ആരോപണം. മാഹി പുഴയില്‍ ചേരുന്ന എംസി കനാലിലേക്കാണ് മാലിന്യങ്ങള്‍ ഒഴുക്കുന്നതെന്ന് സമര സമിതി പറയുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പ്രദേശത്തെ പ്രധാന ജല സ്രോതസ്സാണ് മലിനപ്പെടുന്നത്.


മതിയായ സുരക്ഷയോ മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഇല്ലാതെയാണ് റാണി കോംപൗണ്ടിലെ മുഴുവന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അച്ചാറു കമ്പനിയോടു ചേര്‍ന്നു തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ളത്. അച്ചാറു നിര്‍മാണവുമായി ബന്ധപ്പെട്ട പുകയും ഹാനികരമായ ഗന്ധങ്ങളും ശ്വസിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും സമര സമിതി ചൂണ്ടിക്കാട്ടുന്നു.

റാണി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടതാണ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി നടപടിക്കു നിര്‍ദ്ധേശിച്ച ജില്ലാ ഡിസാസ്റ്റര്‍ മാനേജുമെന്റില്‍ പെട്ട അസി. കലക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നാടു കടത്തിയെന്നാണ് ആക്ഷേപം.

റാണി സ്ഥാപനങ്ങള്‍ക്കെതിരേ സമരം ശക്തമായതിനെത്തുടര്‍ന്ന് തുടര്‍ന്നു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ തഹസില്‍ദാറും ബന്ധപ്പെട്ട അധികാരികളും മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും നാട്ടുകാര്‍ താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തി. റാണി മലിനീകരണ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുക്കണക്കിനു പേരാണ് പങ്കെടുത്തത്.

സമരം ചോറോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഇ ഇസ്മായില്‍ അധ്യക്ഷനായി. പി പി ചന്ദ്രശേഖരന്‍, ഇ പി ദാമോദരന്‍, കെ കെ സദാശിവന്‍,എ കെ വിജയന്‍, ജിഷ പനങ്ങാട്ട്, പി കെ. റീജ, എന്‍ കെ മോഹനന്‍, രാജീവന്‍ ആശാരി മീത്തല്‍, പി സത്യനാഥന്‍, പി പി രാജന്‍, സി വി അനില്‍കുമാര്‍, ചോറോട്‌നടക്കുതാഴ കനാല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ടി എന്‍ രാജന്‍, പി കെ ദിനേശന്‍ സംസാരിച്ചു. സമരം വരും നാളുകളില്‍ ശക്തമാക്കുവാനും തീരുമാനിച്ചു.അതേസമയം, സ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ചില തല്‍പര കക്ഷികളാണെന്നാണ് മാനേജുമെന്റിന്റെ വിശദീകരണം. മതിയായ ആരോഗ സുരക്ഷാ മാന ദണ്ഡങ്ങളനുസരിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു.

Next Story

RELATED STORIES

Share it