Sub Lead

പോലിസ് കസ്റ്റഡിയിലെടുത്തത് ആസൂത്രിതമായി; മാവോവാദി ബന്ധം ആരോപിച്ച് തടഞ്ഞുവെച്ചത് ആറ് മണിക്കൂര്‍ -ഷബാന പ്രതികരിക്കുന്നു

"സെമിനാറിന് ശേഷം തന്നെ കുറിച്ച് എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളോട് പോലിസ് അന്വേഷിച്ചിരുന്നു. മാവോവാദി ബന്ധങ്ങളെ കുറിച്ചായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. അത് കൊണ്ട് തന്നെ പോലിസിന്റെ ഇപ്പോഴത്തെ നടപടി ദുരൂഹമാണ്".

പോലിസ് കസ്റ്റഡിയിലെടുത്തത് ആസൂത്രിതമായി;  മാവോവാദി ബന്ധം ആരോപിച്ച് തടഞ്ഞുവെച്ചത് ആറ് മണിക്കൂര്‍  -ഷബാന പ്രതികരിക്കുന്നു
X

കോഴിക്കോട്: മാവോവാദി ഭീഷണി ആരോപിച്ച് തന്നെ പോലിസ് കസ്റ്റഡിയിലെടുത്തത് ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായി എന്‍എംഎസ്എം കോളജിലെ ജേര്‍ണലിസം വിദ്യാര്‍ഥിനി ഷബാന. പോലിസ് കസ്റ്റഡിയില്‍ ആറ് മണിക്കൂറാണ് 18 കാരിയെ തടഞ്ഞു വെച്ചും ചോദ്യം ചെയ്തും പീഡിപ്പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് ഭാഷ്യം. സംശയാസ്പദമായ നിലയില്‍ കണ്ടതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നും പോലിസ് പറയുന്നു. എന്നാല്‍, പകല്‍ 10.45ന് റോഡിലൂടെ നടന്നു പോകുകയായിരുന്നു തന്നില്‍ എന്താണ് സംശയാസ്പദമായി പോലിസ് കണ്ടെത്തിയതെന്ന് ഷബാന ചോദിക്കുന്നു.

'നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ഞാന്‍ കല്‍പ്പറ്റ എന്‍എംഎസ്എം കോളജിലെ ഒന്നാംവര്‍ഷ ജേണലിസം വിദ്യാര്‍ഥിനിയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയില്‍ ബെര്‍ണാഡ് ഡിമെല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്‍ സംസാരിച്ച സെമിനാറില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. ആദിവാസി ചരിത്രം പറയുന്ന സെമിനാറായിരുന്നു. സെമിനാറിന് ശേഷം തന്നെ കുറിച്ച് എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളോട് പോലിസ് അന്വേഷിച്ചിരുന്നു. മാവോവാദി ബന്ധങ്ങളെ കുറിച്ചായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. അത് കൊണ്ട് തന്നെ പോലിസിന്റെ ഇപ്പോഴത്തെ നടപടി ദുരൂഹമാണ്. റോഡിലൂടെ നടന്നു പോകുന്ന ഒരു സാധാരണ പെണ്‍കുട്ടിയില്‍ സംശയാസ്പദമായി എന്താണ് പോലിസ് കണ്ടെത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല'. ഷബാന തേജസ് ന്യൂസിനോട് പറഞ്ഞു.

രാവിലെ അനഘ എന്ന സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടേയാണ് പോലിസ് തടഞ്ഞു നിര്‍ത്തിയത്. തന്റെ ഹോസ്റ്റലിന് സമീപം കല്‍പറ്റ ജനമൈത്രി ജങ്ഷനില്‍ വച്ചാണ് പോലിസ് ചോദ്യം ചെയ്യുന്നത്. എന്‍എംഎസ്എം കോളജിലെ ജേര്‍ണലിസം വിദ്യാര്‍ഥിയാണെന്ന് പറഞ്ഞിട്ടും പോലിസ് വിടാന്‍ തയ്യാറായില്ല. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും വെരിഫിക്കേഷന്‍ നടത്തണമെന്നും പറഞ്ഞ് പോലിസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.

സ്റ്റേഷനിലെത്തി പോലിസുകാര്‍ മാറിമാറി ചോദ്യം ചെയ്തു. തന്റെ ബാഗ് പരിശോധിച്ച് ആര്‍ കെ ബിജുരാജിന്റെ നക്‌സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കണ്ടതോടെ പോലിസുകാരുടെ ഭാവം മാറി. പിന്നെ മാവോവാദികളുമായുള്ള ബന്ധത്തെ കുറിച്ചായി ചോദ്യങ്ങള്‍. ഇത്ര ചെറുപ്പത്തില്‍ മാവോവാദി ചായ്‌വ് ഉണ്ടാകാന്‍ കാരണമെന്തെന്നായിരുന്നു അവരുടെ ചോദ്യം. മൊബൈല്‍ ഫോണില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമായ കുറേ പേരുടെ ചിത്രങ്ങള്‍ കാണിച്ച് അറിയുമോ എന്ന് ചോദിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകയാണെന്ന് പറഞ്ഞിട്ടും പോലിസ് വിശ്വസിക്കാന്‍ തയ്യാറായില്ല. റോഡില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ട് വന്നിട്ടും വീട്ടുകാരേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അനുവദിച്ചില്ല. സ്‌റ്റേഷനില്‍ എത്തിയ ഉടനെ ഫോണ്‍ വാങ്ങിവച്ച പോലിസ് തുടര്‍ച്ചയായി ചോദ്യം ചെയ്യല്‍ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകളോളം ഭക്ഷണം പോലും കഴിക്കാതെ സ്‌റ്റേഷനില്‍ തളര്‍ന്നിരുന്നു. മാനസികമായി തകര്‍ന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും തോന്നിയിരുന്നില്ല.

ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം വിലാസം എഴുതി വാങ്ങി വിട്ടയക്കാന്‍ സിഐ പറഞ്ഞെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ നാല് മണിവരെ സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. അവസാനം രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് പോലിസ് അറിയിച്ചു. നാല് മണിയോടെയാണ് പോലിസ് മൊബൈല്‍ ഫോണ്‍ മടക്കി നല്‍കിയത്. പരിചയക്കാരനായ അഭിഭാഷകനേയും സുഹൃത്തുക്കളേയും ബന്ധപ്പെട്ടു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ ശാരദ, ഗോപാലന്‍ എന്നിവരെത്തി ജാമ്യത്തില്‍ എടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it