Sub Lead

രാഹുല്‍ ഇന്ന് പത്രിക നല്‍കും; റോഡ് ഷോയ്ക്ക് വന്‍ സുരക്ഷ

സുരക്ഷയ്ക്കായി ആറു ജില്ലകളില്‍ നിന്നായി പോലിസ് വയനാട്ടിലെത്തിയിട്ടുണ്ട്

രാഹുല്‍ ഇന്ന് പത്രിക നല്‍കും; റോഡ് ഷോയ്ക്ക് വന്‍ സുരക്ഷ
X

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11നു ജില്ലാ കലക്്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ച ശേഷം റോഡ് ഷോ നടത്തും.ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ആവേശോജ്ജ്വല സ്വീകരണമാണു നല്‍കിയത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളായ രമേശ് ചെന്നിത്ത, ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച ഇരുവരും ഒമ്പത് മണിയോടെ ഹെലികോപ്റ്റര്‍ വഴി വയനാട്ടിലേക്ക് തിരിക്കും.

സുരക്ഷയ്ക്കായി ആറു ജില്ലകളില്‍ നിന്നായി പോലിസ് വയനാട്ടിലെത്തിയിട്ടുണ്ട്. ഇരുവരും റോഡ് മാര്‍ഗം വയനാട്ടിലെത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ചുരം വഴിയുള്ള യാത്രയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാവിലെ 10ഓടെ കല്‍പറ്റ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. എസ്പിജി നിര്‍ദേശപ്രകാരം പുത്തൂര്‍ വയല്‍ എആര്‍ ക്യാംപ് ഗ്രൗണ്ടിലും ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലും ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ബസ് സ്റ്റാന്റിന് സമീപത്തു കൂടി ഏതാണ്ട് രണ്ടുകിലോമീറ്റര്‍ റോഡ് ഷോ നടത്തി കലക്്ടര്‍ മുമ്പാകെ പത്രിക നല്‍കാനാണ് തീരുമാനം. റോഡിനിരുവശവും പോലിസ് ബാരിക്കേഡ് നിര്‍മിച്ച് അതിനുള്ളില്‍ മാത്രം യുഡിഎഫ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരള പോലിസിനു പുറമെ എസ്പിജി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. വയനാട്ടിലെ വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ടും പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നുണ്ട്.



Next Story

RELATED STORIES

Share it