Latest News

'ചൈല്‍ഡ് സീറ്റ് ഒരു ലക്ഷ്വറിയല്ല, അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്'; ആലിന്റെ മരണത്തില്‍ ഡോക്ടറുടെ കുറിപ്പ്

കാറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയിട്ടാണ്. ഒരു അപകടമുണ്ടായാല്‍ കുട്ടികള്‍ അതിനകത്ത് ഒട്ടും സുരക്ഷിതരല്ല

ചൈല്‍ഡ് സീറ്റ് ഒരു ലക്ഷ്വറിയല്ല, അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്; ആലിന്റെ മരണത്തില്‍ ഡോക്ടറുടെ കുറിപ്പ്
X

തിരുവനന്തപുരം: വാഹനാപകടത്തില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയും ചെയ്ത പത്തനതിട്ട നെടുങ്ങാടപ്പള്ളി സ്വദേശിനി ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മരണം ഓര്‍മിപ്പിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് ഡോക്ടറുടെ കുറിപ്പ്. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ വാഹനം കൂട്ടിയിടിക്കുമ്പോഴോ കുട്ടി സീറ്റില്‍ നിന്നോ മുതിര്‍ന്നവരുടെ കൈയ്യില്‍ നിന്നോ തെറിച്ചു പോകുന്നത് തടയാന്‍ ചൈല്‍ഡ് സീറ്റിലെ പ്രത്യേക ഹാര്‍നസ്സ് ബെല്‍റ്റുകള്‍ സഹായിക്കുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ ഇരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുഞ്ഞ് കേരളത്തിന്റെ നൊമ്പരമായ ദിവസങ്ങളാണിത്. ഈ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. ഈ കുഞ്ഞിന്റെ വേര്‍പാടിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഡോക്ടറും എഴുത്തുകാരനുമായി മനോജ് വെള്ളനാട്.

ലോകത്തിലെ ഏറ്റവും ഭാരമേറിയ ശവപ്പെട്ടി കുഞ്ഞുങ്ങളുടേതാണെന്നും സകല മനുഷ്യരും ഒരുമിച്ച് ചുമന്നാലും ആ ഭാരം താങ്ങുന്നത് കുഞ്ഞിന്റെ അടുത്തവര്‍ക്ക് വളരെ വിഷമകരമാണെന്നും പോസ്റ്റില്‍ പറയുന്നു. അങ്ങനെ ഏറ്റവും വിഷമകരമായ ഒരവസ്ഥയിലാണ് പത്തുമാസം മാത്രം പ്രായമായ ആലിന്‍ എന്ന കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തയ്യാറായതും നമ്മളെല്ലാം മനസുകൊണ്ട് അവരെ ചേര്‍ത്തണച്ചതും എല്ലാം. ആ മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതിനൊപ്പം ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്.

ചൈല്‍ഡ് സേഫ്റ്റി സീറ്റിന്റെ ആവശ്യകതയേയും ഉപയോഗത്തേയും കുറിച്ചാണ് മനോജ് വെള്ളനാട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ അപകടമുണ്ടായാല്‍ ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മരണസാധ്യത 71 ശതമാനം വരെ കുറയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. ഒരു വയസ് മുതല്‍ നാലുവയസ് വരെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് 54 ശതമാനം വരെ കുറയ്ക്കാനുമെന്നാണ് അദ്ദേഹം കുറിക്കുന്നത്.

ഡോക്ടര്‍ മനോജ് വെള്ളനാട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

ലോകത്തിലെ ഏറ്റവും ഭാരമേറിയ ശവപ്പെട്ടി കുഞ്ഞുങ്ങളുടേതാണ്. സകല മനുഷ്യരും ഒരുമിച്ച് ചുമന്നാലും ആ ഭാരം താങ്ങുന്നത് കുഞ്ഞിന്റെ അടുത്തവര്‍ക്ക് വളരെ വിഷമകരമാണ്. അങ്ങനെ ഏറ്റവും വിഷമകരമായ ഒരവസ്ഥയിലാണ് പത്തുമാസം മാത്രം പ്രായമായ ആലിന്‍ എന്ന കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തയ്യാറായതും നമ്മളെല്ലാം മനസുകൊണ്ട് അവരെ ചേര്‍ത്തണച്ചതും എല്ലാം. ആ മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതിനൊപ്പം ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്.

വണ്ടിയുമായി പുറത്തിറങ്ങുന്ന ഏതൊരാളും ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കണം. 'ആക്‌സിഡന്റ്' എന്ന് അവയെ നമ്മള്‍ പൊതുവേ പറയുമെങ്കിലും നാട്ടില്‍ നടക്കുന്ന പല അപകടങ്ങളും 'കൂട്ടിയിടികള്‍' ആണ്. എന്നുവച്ചാല്‍ അവ അപ്രതീക്ഷിതമല്ല, അല്‍പ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നാണ് എന്ന്. അതുപോലെ തന്നെ അപകടം സംഭവിച്ചാല്‍ മരണമോ മറ്റ് ഗുരുതരമായ പരിക്കുകളോ ഒഴിവാക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഒക്കെ അങ്ങനെയുള്ളവയാണ്.

ഇപ്പോഴും കാറില്‍ യാത്ര ചെയ്യുമ്പോള്‍ പിറകിലെ സീറ്റ് ബെല്‍റ്റ് ഇടുന്നവര്‍ എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍? വിരളം. എന്തുകൊണ്ടാണ് അങ്ങനെ? ഓവര്‍ കോണ്‍ഫിഡന്‍സും മടിയും. അപകടമൊക്കെ മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന മിഥ്യാ ധാരണ.

അതുപോലെയോ അതിലും അധികമോ പ്രാധാന്യമുള്ള മറ്റൊരു കാര്യം ആലിന്റെ മരണം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതാണ് കുഞ്ഞുങ്ങളെ കാറില്‍ കൊണ്ടു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാരീതികള്‍. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ''ചൈല്‍ഡ് സേഫ്റ്റി സീറ്റ്'''.

കാറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയിട്ടാണ്. ഒരു അപകടമുണ്ടായാല്‍ കുട്ടികള്‍ അതിനകത്ത് ഒട്ടും സുരക്ഷിതരല്ല. അതുകൊണ്ടു തന്നെ കാറുകളില്‍ കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ (Child Safety Seats) ഉപയോഗിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഇതിന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്:

1. നേരത്തെ പറഞ്ഞതു പോലെ സാധാരണ കാര്‍ സീറ്റുകളും ബെല്‍റ്റുകളും മുതിര്‍ന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപകടമുണ്ടാകുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ആഘാതം താങ്ങാന്‍ കുട്ടികളുടെ ശരീരം പാകമായിരിക്കില്ല. ചൈല്‍ഡ് സീറ്റുകള്‍ കുട്ടിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് കൃത്യമായ സംരക്ഷണം നല്‍കുന്നു.

2. ചെറിയ കുട്ടികള്‍ സാധാരണ സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ അത് അവരുടെ കഴുത്തിലോ വയറിലോ ആണ് വരിക. ഇത് കാരണം തന്നെ അപകടസമയത്ത് ഗുരുതരമായ പരിക്കുകള്‍ക്ക് ഉണ്ടായേക്കാം.

3. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ വാഹനം കൂട്ടിയിടിക്കുമ്പോഴോ കുട്ടി സീറ്റില്‍ നിന്നോ മുതിര്‍ന്നവരുടെ കൈയ്യില്‍ നിന്നോ തെറിച്ചു പോകുന്നത് തടയാന്‍ ചൈല്‍ഡ് സീറ്റിലെ പ്രത്യേക ഹാര്‍നസ്സ് (Harness) ബെല്‍റ്റുകള്‍ സഹായിക്കുന്നു.

4. കുട്ടികളുടെ ശരീരത്തിന് അനുയോജ്യമായ കുഷ്യനുകളും സപ്പോര്‍ട്ടും ഈ സീറ്റുകളില്‍ ഉണ്ടാകും. ഇതുകാരണം ഉറങ്ങാന്‍ സുഖമാണ്. ഉറങ്ങുമ്പോള്‍ തലയും കഴുത്തും കുഴഞ്ഞ് വീഴാതെ നേരെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു. നീണ്ട യാത്രകളില്‍ ആണെങ്കില്‍ കുട്ടി ക്ഷീണിക്കാതെ ഇറിറ്റേറ്റഡ് ആവാതെ ഇരിക്കുകയും ചെയ്യും.

5. കുട്ടികള്‍ കാറിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുകയോ ഡോര്‍ ഹാന്‍ഡിലുകളില്‍ പിടിക്കുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ചൈല്‍ഡ് സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ ഒരിടത്ത് സുരക്ഷിതരായിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ ഏകാഗ്രതയോടെ വാഹനം ഓടിക്കാം.

6. ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ അപകടമുണ്ടായാല്‍ ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മരണസാധ്യത 71% വരെ കുറയ്ക്കാം. ടോഡ്‌ലര്‍മാര്‍ക്ക് (1-4 വയസ്സ്) അത് 54% വരെ കുറയ്ക്കാം. അതുപോലെ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത 70%-ന് മുകളില്‍ കുറയ്ക്കുന്നു (കാരണം തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഇവിടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു).

7. 4 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ സീറ്റുകള്‍ ലഭ്യമാണ്. അവ ഉപയോഗിച്ചാല്‍ കുഞ്ഞിന്റെ ഉയരം കൂട്ടി, കുട്ടിക്ക് കാറിലെ സീറ്റ് ബെല്‍റ്റ് തന്നെ ഉപയോഗിക്കാന്‍ കഴിയും. ഇത്തരം ബൂസ്റ്റര്‍ സീറ്റുകള്‍ 4 മുതല്‍ 8 വരെ വയസ്സുകാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത 45-70% വരെ കുറയ്ക്കുന്നു എന്നാണ് കണക്കുകള്‍.

8. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവ കണക്കിലെടുത്ത് വേണം സീറ്റ് തിരഞ്ഞെടുക്കാന്‍. Infant seat, Convertible seat, Booster seat എന്നിവ നോക്കി വാങ്ങണം.

9. ഒന്നര രണ്ടു വയസു വരെയെങ്കിലും കുഞ്ഞ് പിറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന (Rear-facing) രീതിയില്‍ വേണം സീറ്റ് ഫിറ്റ് ചെയ്യാന്‍. കുഞ്ഞിന്റെ ഇനിയും വളരാത്ത നട്ടെല്ലിനെയും തലയെയും ക്രാഷ് സമയത്ത് ഇത് കൂടുതല്‍ സുരക്ഷിതമാക്കുന്നു.

10. കാറിന്റെ പിന്‍സീറ്റില്‍ മാത്രമേ ഈ പറഞ്ഞ എക്‌സ്ട്രാ സീറ്റുകള്‍ ഫിറ്റ് ചെയ്യാവൂ. എയര്‍ബാഗ് ഉള്ള മുന്‍സീറ്റുകളില്‍ ഒരിക്കലും ചൈല്‍ഡ് സീറ്റ് വെക്കരുത്. ഇത് അപകടസമയത്ത് കൂടുതല്‍ ആപത്താണ്.

ചൈല്‍ഡ് സീറ്റ് ഒരു 'ലക്ഷ്വറി' അല്ല. അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്. ഒരു വര്‍ഷം കാറിന് അടയ്ക്കുന്ന ഇന്‍ഷുറന്‍സിന്റെ പകുതിയേ ആകൂ നല്ലൊരു സീറ്റ് വാങ്ങാന്‍. എന്നാലത് വിലമതിക്കാനാകാത്ത ഒന്നാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Next Story

RELATED STORIES

Share it