Sub Lead

'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മിച്ചത്'; പുതിയ വാദവുമായി മുന്‍ ഉദ്യോഗസ്ഥന്‍

സൂര്യന്റെ ദിശയെക്കുറിച്ച് പഠിക്കുന്നതിനായി അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നും കുത്തബുദ്ദീന്‍ ഐബക്കല്ലെന്നുമാണ് എഎസ്‌ഐ മുന്‍ റീജണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മയുടെ വാദം.

കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മിച്ചത്; പുതിയ വാദവുമായി മുന്‍ ഉദ്യോഗസ്ഥന്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കുത്തബ് മിനാര്‍ വിക്രമാദിത്യ രാജാവ് പണികഴിപ്പിച്ചതാണെന്ന വിവാദ പ്രസ്താവനയുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) മുന്‍ ഉദ്യോഗസ്ഥന്‍. സൂര്യന്റെ ദിശയെക്കുറിച്ച് പഠിക്കുന്നതിനായി അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നും കുത്തബുദ്ദീന്‍ ഐബക്കല്ലെന്നുമാണ് എഎസ്‌ഐ മുന്‍ റീജണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മയുടെ വാദം. കുത്തബ് മിനാര്‍ സൂര്യ ഗോപുരമാണ്. അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണ് അത് നിര്‍മിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളും തന്റെ പക്കലുണ്ടെന്ന് ധരംവീര്‍ തട്ടിവിട്ടിട്ടുണ്ട്.

'കുത്തബ് മിനാര്‍ ഗോപുരത്തില്‍ 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതിനാലാണ് ഇത്. ജൂണ്‍ 21ന്, സൂര്യാസ്തമയം മാറുന്നതിന് ഇടയില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴല്‍ വീഴില്ല. ഇതു ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്.' ധരംവീര്‍ ശര്‍മ പറയുന്നു. എഎസ്‌ഐയുടെ ഭാഗമായി നിരവധി തവണ കുത്തബ് മിനാറില്‍ താന്‍ സര്‍വേ നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

കുത്തബ് മിനാര്‍ ഒരു സ്വതന്ത്ര കെട്ടിടമാണ്. സമീപത്തെ പള്ളിയുമായി ഇതിന് ബന്ധമൊന്നുമില്ല. വടക്ക് ഭാഗത്തേ നോക്കിയാണ് കുത്തബ് മിനാറിന്റെ നില്‍പ്പ്. ധ്രുവനക്ഷത്രത്തെ കാണുന്നതിനായാണ് ഇങ്ങനെയൊരു രൂപകല്‍പ്പന വരുത്തിയിരിക്കുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുന്‍ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം.

കുത്തബ് മിനാറിന്റെ പേരു മാറ്റി 'വിഷ്ണു സ്തംഭം' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, രാഷ്ട്രവാദി ശിവ സേന, മഹാകല്‍ മാനവ സേവ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച ഗോപുരത്തിനു മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയിരുന്നു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുത്തബ് മിനാര്‍ വളപ്പില്‍ ഹിന്ദു-ജൈന പ്രതിഷ്ഠകള്‍ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it