Sub Lead

യുഎസുമായുള്ള സമാധാനചര്‍ച്ച നിര്‍ണായകമെന്ന് താലിബാന്‍; വിജയ പ്രതിക്ഷയോടെ ഖത്തര്‍

ഏഴാമത്തേതും അവസാനത്തേതുമായ സമാധാനചര്‍ച്ചയില്‍ പ്രത്യക്ഷ ഫലമുണ്ടാകുമെന്ന് തന്നെയാണ് ഇരു വിഭാഗങ്ങളും പ്രതീക്ഷിക്കുന്നതെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. യുഎസ് സമാധാന ദൂതന്‍ സല്‍മയ് ഖലീല്‍സാദുമായുള്ള രണ്ടാംദിവസത്തെ ചര്‍ച്ചയ്ക്കുശേഷമാണ് താലിബാന്റെ പ്രതികരണം.

യുഎസുമായുള്ള സമാധാനചര്‍ച്ച നിര്‍ണായകമെന്ന് താലിബാന്‍; വിജയ പ്രതിക്ഷയോടെ ഖത്തര്‍
X

ദോഹ: ഖത്തറില്‍ വച്ച് യുഎസുമായി നടക്കുന്ന അവസാനവട്ട സമാധാനചര്‍ച്ച നിര്‍ണായകമെന്ന് താലിബാന്‍. ഏഴാമത്തേതും അവസാനത്തേതുമായ സമാധാനചര്‍ച്ചയില്‍ പ്രത്യക്ഷ ഫലമുണ്ടാകുമെന്ന് തന്നെയാണ് ഇരു വിഭാഗങ്ങളും പ്രതീക്ഷിക്കുന്നതെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. യുഎസ് സമാധാന ദൂതന്‍ സല്‍മയ് ഖലീല്‍സാദുമായുള്ള രണ്ടാംദിവസത്തെ ചര്‍ച്ചയ്ക്കുശേഷമാണ് താലിബാന്റെ പ്രതികരണം.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, സമഗ്രമായ വെടിനിര്‍ത്തല്‍ എന്നിവയെല്ലാമായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. അഫ്ഗാനില്‍ യുഎസും നാറ്റോസഖ്യവും വിന്യസിച്ച 20,000 സൈനികരെ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ ധാരണയിലെത്താന്‍ ശ്രമിക്കുമെന്നും ഷാഹീന്‍ പറഞ്ഞു.

ലോകത്ത് ആക്രമണങ്ങള്‍ നടത്താന്‍ സായുധസംഘങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇടമായി താലിബാന്‍ വീണ്ടും മാറാതിരിക്കാനുള്ള ധാരണയും ചര്‍ച്ചയിലുണ്ടാകുമെന്നും സൂചനയുണ്ട്. ശനിയാഴ്ചയാരംഭിച്ച ചര്‍ച്ച അടുത്തയാഴ്ചയും തുടരും.

സെപ്റ്റംബറോടെ അഫ്ഗാന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താനാകുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നേരത്തേ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, അഫ്ഗാന്‍ സര്‍ക്കാരുമായി നേരിട്ടു ചര്‍ച്ചനടത്താന്‍ താലിബാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. അഫ്ഗാന്‍ സര്‍ക്കാരുമായല്ല രാജ്യത്തെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താമെന്നാണു താലിബാന്‍ പറയുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ യുഎസിന്റെ കളിപ്പാവയാണെന്നും സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്തിമതീരുമാനം യുഎസിന്റേതാണെന്നും താലിബാന്‍ നേതൃത്വം വ്യക്തമാക്കിയിരുന്നു. യു.എസ്., നാറ്റോ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുന്നതുവരെ വെടിനിര്‍ത്തലിനു തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അഫ്ഗാന്‍ താലിബാന്‍-യുഎസ് ചര്‍ച്ച ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ അറിയിച്ചു. യുഎസും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്.

Next Story

RELATED STORIES

Share it