Sub Lead

വിഭജന വേളയില്‍ ഉപേക്ഷിക്കപ്പെട്ട മസ്ജിദ് മുസ്‌ലിംകള്‍ക്ക് തുറന്ന് നല്‍കി സിഖുകാര്‍

പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ലോധിയിലെ ഒരു കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നുവെന്നാണ് സിഖുകാരുടെ വിശ്വാസം.

വിഭജന വേളയില്‍ ഉപേക്ഷിക്കപ്പെട്ട മസ്ജിദ് മുസ്‌ലിംകള്‍ക്ക് തുറന്ന് നല്‍കി സിഖുകാര്‍
X

ന്യൂഡല്‍ഹി: 1947ലെ വിഭജന വേളയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളെതുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട 550 വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളി സിഖ് സമുദായത്തിന്റെ സഹായത്തോടെ ഇസ്‌ലാം മത വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു നല്‍കി. ക്ലാരിയന്‍ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ലോധിയിലെ ഒരു കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നുവെന്നാണ് സിഖുകാര്‍ വിശ്വസിക്കുന്നത്.

പള്ളി വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി നവംബര്‍ 13ന് പ്രദേശത്തെ സിഖുകാരും മുസ്‌ലിംകളും സംയുക്തമായി ഒരു ചടങ്ങ് സംഘടിപ്പിക്കുകയും ചടങ്ങിനെത്തിയ മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ശേഷം മുസ്‌ലിംകള്‍ ആചാരപരമായ പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ സംബന്ധിക്കാന്‍ മലേക്കോട്ടയില്‍ നിന്നുള്ള സിഖുകാരും മുസ്‌ലിംകളും സുല്‍ത്താന്‍പൂരിലെത്തിയിരുന്നു.

പള്ളി തുറന്നുകൊടുക്കാന്‍ സിഖ് സമുദായത്തില്‍ നിന്നുള്ള സുഖ്‌ദേവ് സിങ്ങും ബല്‍ബീര്‍ സിങ്ങുമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകനാണ് ബല്‍ബീര്‍ സിങ്.

പഞ്ചാബ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ അബ്ദുല്‍ ഷക്കൂര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ഗുരു നാനാക്കിന്റെ ജീവിതത്തെയും ഇതിഹാസങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്തു. മൗലാന യസ്ദാനി, ഡോ. ഇര്‍ഷാദ് തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് പള്ളി തുറന്നതെന്ന് ഷുക്കൂര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഗുരു നാനാക്ക് മുസ്‌ലിംകള്‍ക്കിടയില്‍ ജീവിച്ച മഹാ മനീഷിയായിരുന്നു. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും ഒരു മുസ്‌ലിം ആയിരുന്നു.മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും പരസ്പരം വലിയ അടുപ്പമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it