Sub Lead

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൂരിലും പോലിസ് കേസ്

പോലിസിന്റെ മുന്‍കൂര്‍ അനുമതി നേടിയുള്ള പ്രതിഷേധത്തിനു പോലും കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പോലിസ് കേസെടുത്തിരിക്കുന്നത്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൂരിലും പോലിസ് കേസ്
X

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധപ്രകടനം നടത്തിയതിനു കണ്ണൂരിലും പോലിസ് കേസെടുത്തു. മാങ്കടവ്, ചാലില്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി നടത്തിയ ബഹുജന പ്രതിഷേധ റാലിയില്‍ 10 പേര്‍ക്കെതിരേയാണ് വളപട്ടണം പോലിസ് കേസെടുത്തത്. ഇക്കഴിഞ്ഞ 27നു വൈകീട്ട് ചാലില്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയും മാങ്കടവ് ജുമാ മസ്ജിദ് കമ്മിറ്റിയും സംയുക്തമായാണ് പ്രകടനം നടത്തിയത്. മാങ്കടവ് കുന്നുമ്പ്രം ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നെങ്കിലും സംഘാടകര്‍ക്കെതിരേയോ മഹല്ല് ഭാരവാഹികള്‍ക്കെതിരേയോ അല്ല കേസെടുത്തത്. പ്രദേശത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞുകൊടുത്തവര്‍ക്കെതിരേയാണ് കേസെടുത്തതെന്നാണു സംശയമുയര്‍ന്നിട്ടുള്ളത്. നേരത്തേ, സംസ്ഥാനത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരേ സമാന രീതിയില്‍ കേസെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.

സിഎഎയ്‌ക്കെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ ബെഹ്‌റ പോലിസ് സ്‌റ്റേഷനുകളിലേക്ക് വയര്‍ലെസ് സന്ദേശം നല്‍കിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയില്‍പെട്ട സിപിഎം ഉള്‍പ്പെടെയുള്ളവരും പ്രതിഷേധപ്രകടനവുമായി രംഗത്തെത്തുന്ന സാഹചര്യത്തില്‍ പോലിസ് നടപടി ഏറെ വിമര്‍ശനത്തിനിടയാക്കി. ഇതിനിടെ, ഡിജിപി അത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരേ കേസെടുത്തിരുന്നു. കുറ്റിയാടിയില്‍ ബിജെപി പരിപാടി നടക്കുന്ന സമയം കടകളടച്ച് ബഹിഷ്‌കരിച്ച വ്യാപാരികള്‍ക്കെതിരേയും കേസെടുത്തിരുന്നു. പോലിസിന്റെ മുന്‍കൂര്‍ അനുമതി നേടിയുള്ള പ്രതിഷേധത്തിനു പോലും കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പോലിസ് കേസെടുത്തിരിക്കുന്നത്.



Next Story

RELATED STORIES

Share it