Sub Lead

ജാതിവിവേചനം തടയണമെന്ന യുജിസി ചട്ടത്തിനെതിരേ യുപിയില്‍ സവര്‍ണ 'പ്രതിഷേധം'

ജാതിവിവേചനം തടയണമെന്ന യുജിസി ചട്ടത്തിനെതിരേ യുപിയില്‍ സവര്‍ണ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനെന്ന പേരില്‍ യുജിസി കൊണ്ടുവന്ന ചട്ടങ്ങള്‍ക്കെതിരെ യുപിയില്‍ സവര്‍ണ്ണ പ്രതിഷേധം. ലഖ്‌നോ സര്‍വകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സംവരണം അടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്നതിന് സ്ഥിരമായി ഉപയോഗിക്കുന്ന 'തുല്യതയുടെ മറവില്‍ വിവേചനം' എന്ന പ്രയോഗമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികള്‍ പലതരം തെറ്റായ ആരോപണങ്ങള്‍ക്ക് ഇരയാവുമെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. വാരാണസി, സോന്‍ബദ്ര, റായ് ബറെയ്‌ലി, കാണ്‍പൂര്‍, പ്രതാപ്ഗഡ് എന്നീ പ്രദേശങ്ങളിലും പ്രതിഷേധം നടന്നു. സവര്‍ണ സൈന്യം എന്ന പേരിലാണ് സോന്‍ഭദ്രയില്‍ പ്രതിഷേധം നടന്നത്. പ്രതാപ്ഗഡില്‍ ഒരുവിഭാഗം അഭിഭാഷകരും ജോലിയില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചു. സവര്‍ണര്‍ക്കെതിരേ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സനാതന്‍ മന്ദിര്‍ രക്ഷാ സമിതി എന്ന സംഘടനയിലെ അംഗമായ ആകാശ് താക്കൂര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ലഖ്‌നോവില്‍ കര്‍ണിസേനയും പ്രതിഷേധിച്ചു. അതേസമയം, യുപിയില്‍ ബ്രാഹ്‌മണര്‍ നേരിടുന്ന വിവേചനം പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന് യുജിസി ചട്ട വിഷയത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബറെയ്‌ലി സിറ്റി മജിസ്‌ട്രേറ്റ് അലങ്കാര്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടു.

പുതിയ ചട്ടം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തടയാന്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന്റെ ഭാഗമായാണ് യുജിസി പുതിയ ചട്ടം കൊണ്ടുവന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥി പായല്‍ തദ്വിയുടെ മാതാവ് ആബിദ സലീം തദ്വി എന്നിവരാണ് ഹരജികള്‍ നല്‍കിയിരുന്നത്. ഇത് പരിഗണിച്ച സുപ്രിംകോടതി പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ 2025 ജനുവരി മൂന്നിന് യുജിസിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ 2026 ജനുവരി 13ന് യുജിസി പുതിയ ചട്ടം വിജ്ഞാപനം ചെയ്തു.

സര്‍വകലാശാലകള്‍, കോളജുകള്‍, കല്‍പ്പിത സര്‍വകലാശാലകള്‍ എന്നിവയില്‍ തുല്യാവകാശ കേന്ദ്രം വേണമെന്ന് പുതിയ ചട്ടം ശുപാര്‍ശ ചെയ്യുന്നു. മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കുക, ഉന്നത വിദ്യാഭ്യാസത്തില്‍ പൂര്‍ണ്ണമായ തുല്യതയും ഉള്‍പ്പെടുത്തലും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. 'ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം' പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയിലെ അംഗങ്ങള്‍ക്കെതിരാണ് നടക്കുക.

പരാതികള്‍ അന്വേഷിക്കുന്നതിനും തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും പരാതിക്കാരെ പ്രതികാര നടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും, 24x7 ഇക്വിറ്റി ഹെല്‍പ്പ്ലൈനും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനവും നടത്തുന്നതിന് പുറമേ, സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ ഒരു ഇക്വിറ്റി കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയില്‍ ഫാക്കല്‍റ്റി, അനധ്യാപക ജീവനക്കാര്‍, സിവില്‍ സൊസൈറ്റി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടും. ഒബിസി, എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ പ്രാതിനിധ്യവും നിര്‍ബന്ധമാണ്. ചട്ടം പാലിച്ചില്ലെങ്കില്‍ പദ്ധതികളും കോഴ്‌സുകളും നിഷേധിക്കുമെന്നും അംഗീകാരം റദ്ദാക്കുമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it