Sub Lead

നിരോധനം ഫലപ്രദമായ നടപടിയല്ല; പോപുലര്‍ ഫ്രണ്ടിനെ രാഷ്ട്രീയമായാണ് എതിര്‍ക്കേണ്ടത്: സിപിഎം

നിരോധനം ഫലപ്രദമായ നടപടിയല്ല; പോപുലര്‍ ഫ്രണ്ടിനെ രാഷ്ട്രീയമായാണ് എതിര്‍ക്കേണ്ടത്: സിപിഎം
X

ന്യൂഡല്‍ഹി: നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍എസ്എസിന്റെയും മാവോവാദികളുടെയും കാര്യമെടുത്താല്‍തന്നെ വ്യക്തമാവുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പോപുലര്‍ ഫ്രണ്ടിനെതിരേ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയുണ്ടാവണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും പ്രത്യേയശാസ്ത്രം കൈമുതലായുള്ള പോപുലര്‍ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും വേണം.

തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഈ തീവ്രമായ രീതികളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയും പോപുലര്‍ ഫ്രണ്ടിന്റെ അക്രമപ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും യുഎപിഎ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പോപുലര്‍ ഫ്രണ്ടിനെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്‌നത്തിനുള്ള പോംവഴിയല്ലെന്ന് സിപിഎം പിബി ചൂണ്ടിക്കാട്ടി. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസും കേരളത്തിലും കര്‍ണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്റെ പ്രതികാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്.

സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകള്‍ക്ക് പിന്നിലുണ്ട്. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമയെന്ന് സിപിഎം പിബി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it