Sub Lead

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍

ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഇഡിയുടെ ആവശ്യം.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് (ഇഡി) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ചിദംബരത്തിന് എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഇഡിയുടെ ആവശ്യം.

ഇതുസംബന്ധിച്ച ഇഡിയുടെ ഹര്‍ജി കോടതി അടുത്തയാഴ്ച പരിഗണിക്കും. കഴിഞ്ഞ മാസം അഞ്ചിനാണ് പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപ വീതമുള്ള ആള്‍ ജാമ്യത്തിലാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇഡിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു കോടതി നടപടി.

3,500 കോടി രൂപയുടെ ഇടപാടായിരുന്ന എയര്‍സെല്‍ മാക്‌സിസ് ടെലികോം കമ്പനികളുടെ ലയനത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണ് കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സിബിഐ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it