Latest News

മഹാരാഷ്ട്ര നിയമസഭ, ബോംബെ ഹൈക്കോടതി ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ബോംബ് ഭീഷണി

മഹാരാഷ്ട്ര നിയമസഭ, ബോംബെ ഹൈക്കോടതി ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ബോംബ് ഭീഷണി
X

മുംബൈ: മഹാരാഷ്ട്ര നിയമസഭ, ബോംബെ ഹൈക്കോടതി, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയ്‌ക്കെതിരേ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന പുലര്‍ച്ചെ നിയമസഭയുടെ ഔദ്യോഗിക ഇ മെയില്‍ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. നിയമസഭയുടെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

നിയമസഭ മന്ദിരം, ബോംബെ ഹൈക്കോടതി, ബിഎസ്ഇ, ബാങ്ക് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ അഞ്ചിടങ്ങളില്‍ ബോംബ് സ്‌ഫോടനവും മിസൈല്‍ ആക്രമണവും നടത്തുമെന്നായിരുന്നു ഇ മെയില്‍ സന്ദേശത്തിലെ ഭീഷണി. സന്ദേശം ലഭിച്ചതോടെ സുരക്ഷാ ഏജന്‍സികള്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നിയമസഭാ മന്ദിരത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി. സുരക്ഷാ മുന്‍കരുതലായി നിയമസഭയിലെ ജീവനക്കാരോട് താല്‍ക്കാലികമായി പുറത്തേക്കിറങ്ങാന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്ക് പിന്നാലെ ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധന പൂര്‍ത്തിയാക്കുന്നതിന് സഭ ഒരു ദിവസത്തേക്ക് പിരിയുകയും ബജറ്റ് സമ്മേളന കാലാവധി ഒരു ദിവസം കൂടി നീട്ടുകയും വേണമെന്നാവശ്യപ്പെട്ട് ശിവസേന എംഎല്‍എ മിലിന്ദ് നര്‍വേക്കര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it